ഇരിങ്ങാലക്കുട: രാസലായനി കഴിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. മരണത്തിനിടയാക്കിയ ഫോര്‍മാലിന്‍ എങ്ങനെ കോഴിക്കടയില്‍ വന്നുവെന്ന് അറിവായിട്ടില്ല. കോഴിക്കടയിലെ ജീവനക്കാരടക്കമുള്ളവരില്‍നിന്ന് പോലീസ് മൊഴിയെടുത്തു. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടും കാക്കനാട്ടെ ലാബിലെ റിപ്പോര്‍ട്ടും കിട്ടിയാല്‍ കൂടുതല്‍ വ്യക്തത വരും.

ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് വടക്കുള്ള ഗോള്‍ഡന്‍ ചിക്കന്‍ സെന്ററിലിരുന്ന് രാസലായനി കഴിച്ച് അത്യാസന്നനിലയിലായ കണ്ണമ്പിള്ളി നിശാന്ത് (43), ചെട്ടിയാല്‍ സ്വദേശി അണക്കത്തിപറമ്പില്‍ ബിജു (43) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഫോര്‍മാലിന്‍ ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെയും അന്വേഷണോദ്യോഗസ്ഥരുടെയും നിഗമനം. കോഴിക്കടയുടമ നിശാന്ത് മദ്യം കഴിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇയാളുടെ വണ്ടിയില്‍നിന്ന് മദ്യക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, കോഴിക്കടയില്‍നിന്ന് രാസലായനിയുടെ കുപ്പിയും രണ്ട് ഗ്ലാസും മാത്രമാണ് ലഭിച്ചത്. ബിജു വെള്ളം ചേര്‍ത്താണ് ഫോര്‍മാലിന്‍ കഴിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. ഇരുവരുടെയും അന്നനാളം ഉള്‍പ്പെടെ ആന്തരികാവയവങ്ങള്‍ പൊള്ളലേറ്റതിന് സമാനമാണെന്നാണ് പറയുന്നത്.

വലിയ കോഴിഫാമുകളില്‍ ദുര്‍ഗന്ധം നീക്കാന്‍ ഫോര്‍മാലിന്‍ ഉപയോഗിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചില മരുന്നുകടകളില്‍നിന്ന് ഇത് വാങ്ങാന്‍ കിട്ടും. കുടിവെള്ളക്കുപ്പിയിലാണ് ഫോര്‍മാലിന്‍ സൂക്ഷിച്ചിരുന്നത്.

മദ്യത്തില്‍ വെള്ളത്തിന് പകരം തെറ്റി ഫോര്‍മാലിന്‍ ഒഴിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.