തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ വിഷമദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത്, ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവര്‍ മദ്യം കഴിച്ചത്. ഇതിനു പിന്നാലെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും നിശാന്ത് ഇന്നലെയും ബിജു ഇന്ന് രാവിലെയും മരിച്ചു.

നിശാന്ത് മരിച്ചപ്പോള്‍ തന്നെ ബിജുവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിലും വിവരമറിയിച്ചു. പോലീസെത്തി ഇവര്‍ കുടിച്ച ദ്രാവകം പരിശോധിച്ചു. ദ്രാവകത്തിന്റെ സാമ്പിളുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് കാക്കനാട് റീജിയണല്‍ ലാബിലേക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.

സ്പിരിറ്റ് പോലുള്ള ദ്രാവകം കുടിച്ചതാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാജ മദ്യമാണോ  മറ്റേതെങ്കിലും ദ്രാവകമാണോ മരണത്തിനിടയാക്കിയതെന്നുള്ള കാര്യം പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

Content highlights: Two died drinking illicit liquor at Irinjalakuda