
മൂന്നാറിൽ അപകടത്തിൽപ്പെട്ട ജീപ്പ്. ഫോട്ടോ: സാജു ആലയ്ക്കാപ്പള്ളി
മൂന്നാര്‍: മൂന്നാറില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൃശ്ശൂര്‍ വെറ്റിലപ്പാറ സ്വദേശി ചെരിവില്‍ കാലായില്‍ രാഗേഷ് (30), പത്തനാപുരം എ.ജി ഭവനില്‍ കെ. പുഷ്പാംഗദന് (67) എന്നിവരാണ് മരിച്ചത്. പാമ്പാടി സ്വദേശി അജയ്, കോതമംഗലം സ്വദേശി കുര്യാക്കോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. മൂന്നാര്‍ സന്ദര്‍ശിക്കാന്‍ പോയ നാലംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. രാത്രിയില്‍ തിരികെ വരികയായിരുന്ന ഇവരുടെ ജീപ്പ് നിയന്ത്രണം വിട്ട് 200 അടി താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. പോതമേട്ടിലെ ഏലത്തോട്ടത്തിലേയ്ക്കാണ് ജീപ്പ് മറിഞ്ഞത്.

അപകടം നടന്ന വിവരം മറ്റാരും അറിഞ്ഞിരുന്നില്ല. അപകടത്തില്പ്പെട്ടവര്ത്തന്നെ പോലീസിന്റെ അടിയന്തര സഹായ നമ്പറായ 100ലേയ്ക്ക് വിളിച്ച് വിവരം പറയുകയായിരുന്നു. തിരുവനന്തപുരം പോലീസ് കണ്ട്രോള് റൂമിലാണ് വിവരം ലഭിച്ചത്. അപകടം നടന്നത് എവിടെയാണെന്ന് കൃത്യമായി കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഏകദേശ സ്ഥലം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മൂന്നാര്‍ പോലീസിന് വിവരം നല്കി.
ഒരു മണിക്കൂറോളം മേഖലയില്‍ തിരച്ചില്‍ നടത്തിയാണ് പോലീസ് അപകടത്തില്‍പ്പെട്ട ജീപ്പ് കണ്ടെത്തിയത്. ജീപ്പിന്റെ ഹെഡ് ലൈറ്റ് ഓണ്‍ ആയിക്കിടന്നതിനാല് റോഡില്‍നിന്ന് ഏറെ മാറി കിടന്നിരുന്ന വാഹനം കണ്ടെത്താനായി. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രണ്ടുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

Content Highlights: two dead jeep falls into gorge at munnar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..