കോഴിക്കോട്/കൊച്ചി/തിരുവനന്തപുരം: ആരേയും നിര്‍ബന്ധിച്ച് തടയില്ലെന്ന വാഗ്ദാനം പലയിടങ്ങളിലും ലംഘിച്ചു; കൊച്ചി തുറമുഖത്തും, സെസിലും, ചേളാരി ഐഒസി പ്ലാന്റിലും ജോലിക്കെത്തിയവരെ തൊഴിലാളി നേതാക്കള്‍ തടഞ്ഞു. നഗരപ്രദേശങ്ങളിലും പ്രധാന റോഡുകളില്‍ സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലയില്‍ പണിമുടക്ക് ഹര്‍ത്താല്‍ സ്വഭാവത്തിലേക്ക് മാറി.

ട്രെയിനുകള്‍ തടഞ്ഞുകൊണ്ടാണ് കേരളത്തില്‍ പണിമുടക്ക് തുടങ്ങിയത്. പുലര്‍ച്ചെ തിരുവനന്തപുരം സെന്‍ട്രലില്‍ വേണാട് എക്‌സ്പ്രസ് ഒന്നര മണിക്കൂറും, ജനശതാബ്ധി എക്‌സ്പ്രസും രപ്തിസാഗര്‍ എക്‌സ്പ്രസും അരമണിക്കൂര്‍ തടഞ്ഞു. ആലപ്പുഴയും തൃപ്പൂണിത്തുറയിലും പാലക്കാട്ടും ഷൊര്‍ണൂരും കോഴിക്കോട്ടും തടഞ്ഞതോടെ സമയക്രമം തെറ്റി ട്രെയിനുകള്‍ വൈകാന്‍ തുടങ്ങി. 

സംരക്ഷണം ലഭിച്ചാല്‍ മാത്രം ഓടാമെന്ന് പറഞ്ഞ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിയില്ല. പമ്പ സര്‍വീസുകളില്‍ ചിലത് മാത്രം റോഡിലിറങ്ങി. കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് അയ്യപ്പന്മാര്‍ ബസില്‍ കയറുന്നതിനിടെ പരസ്പരം കലഹിച്ചു. നിലയ്ക്കലില്‍ കോണ്‍വോയ് അടിസ്ഥാനത്തില്‍ ബസ് സര്‍വീസ് നടത്തുന്നുണ്ട്. 

tauto
തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രതിഷേധക്കാര്‍ ഓട്ടോറിക്ഷ തടയാന്‍ ശ്രമിക്കുന്നു: ഫോട്ടോ എസ് ശ്രീകേഷ്

തലസ്ഥാന നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞെങ്കിലും പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. മറ്റ് പ്രധാന നഗരങ്ങളില്‍ അങ്ങിങ്ങ് ഓട്ടോറിക്ഷകള്‍ ഓടുന്നുണ്ട്. ഓണ്‍ലൈന്‍ ടാക്‌സികള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ചാര്‍ജ്ജ് മൂന്നിരട്ടിയോളം ഈടാക്കുന്നുണ്ടെന്ന് യാത്രക്കാര്‍ പരാതി പറഞ്ഞു. കൊച്ചി മെട്രോ സര്‍വീസ് സാധാരണ നിലയിലാണ്.  കടകള്‍ തുറക്കാത്തതിനാലും ബസ് സര്‍വീസ് നടത്താത്തിനാലും ഗ്രാമീണ മേഖല ദുരിതത്തിലാണ്. 

സെക്രട്ടേറിയറ്റില്‍ ഹാജര്‍നില നന്നേ കുറവാണ്. മുഖ്യമന്ത്രിയടക്കം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരില്‍ പലരും ജോലിക്കെത്തിയില്ല. സ്‌കൂളുകള്‍ പലതും പ്രവര്‍ത്തിച്ചില്ല. മറ്റ് ഓഫീസുകളിലും ഹാജര്‍ നില നന്നേ കുറവാണ്.

content highlights: Two day strike Affect Trains, public transport in Kerala