റാഞ്ചി: ജാര്‍ഖണ്ഡില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി ജവാന്‍ മരിച്ചു. സിആര്‍പിഎഫ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് ആലുവ സ്വദേശി ഷാഹുല്‍ ഹര്‍ഷന്‍ (28) ആണ് മരിച്ചത്. ബൊറോക്കോയില്‍ തിങ്കളാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. വെടിവെപ്പില്‍ അസിസ്റ്റന്‍ഡ് സബ്-ഇന്‍സ്‌പെക്ടര്‍ പൂര്‍ണാനന്ദ് ഭുയാനും (47) കൊല്ലപ്പെട്ടു.

226-ാം ബറ്റാലിയനില്‍ ചാര്‍ലി കമ്പനിയിലായിരുന്നു ഷാഹുല്‍ ഹര്‍ഷന്‍. തിരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു ഷാഹുല്‍ ഹര്‍ഷന്‍ ഉള്‍പ്പെടുന്ന സിആര്‍പിഎഫ് സംഘം. അതേ ബറ്റാലിയനിലെ ദീപേന്ദര്‍ യാദവ് എന്ന കോണ്‍സ്റ്റബിള്‍ ആണ് സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്തത്. 

വെടിവെപ്പിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവസമയത്ത് ദീപേന്ദര്‍ യാദവ് മദ്യപിച്ചിരുന്നതായും പൊടുന്നനെ ഇയാള്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നും ചില സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സംഭവത്തില്‍ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബര്‍ നാലിന് ചത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയിലെ ഐടിബിപി സൈനിക ക്യാമ്പില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് കോഴിക്കോട് പേരാമ്പ്ര സ്വദേശി ബിജീഷ് ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 45 ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ മുസുദുള്‍ റഹ്മാന്‍ ആണ് വെടിവെപ്പ് നടത്തിയത്. മുസ്ദുള്‍ റഹ്മാനും സ്വയം വെടിവെച്ച് മരിച്ചിരുന്നു.

Content Highlights: two crpf jawans including one from kerala shot dead by colleague in chattisgarh