തിരുവനന്തപുരം:  ജില്ലയില്‍ രണ്ട് ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. വെഞ്ഞാറമൂട്, വാമനപുരം എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇരുവരുടേയും രോഗബാധയുടെ ഉറവിടം വ്യക്തമല്ല. അതേസമയം സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. 

നേരത്തെ അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വെഞ്ഞാറമൂട് സ്റ്റേഷനിലെ സി ഐ അടക്കം 32 പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനിലാണ്. എന്നാല്‍ രണ്ട് പ്രതികള്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ കൂടുതല്‍ സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയാണ് വ്യക്തമാകുന്നത്.  

വീടിന് തീയിടുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് വാമനപുരം സ്വദേശി. 25-ന് ഇയാളെ റിമാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി സ്രവ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് ഫലം പോസിറ്റീവ് ആയത്. വെട്ടുകേസിലെ പ്രതിയായ വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശിയായ യുവാവിനെ 26-നും സ്രവ പരിശോധനക്ക് വിധേയനാക്കുകയായിരുന്നു. 

അതേസമയം, വെഞ്ഞാറമൂട് നേരത്തെ രോഗബാധ സ്ഥിരീകരിച്ച അബ്കാരി കേസ് പ്രതിയും ദേവസ്വം ബോര്‍ഡ് ജീവനക്കാരനുമായി ഇവര്‍ സമ്പര്‍ക്കത്തില്‍ വന്നിട്ടില്ല. ഇയാളോടൊപ്പം കാറില്‍ സഞ്ചരിച്ച മറ്റ് രണ്ട് പേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. അബ്കാരി കേസ് പ്രതിയുമായി സമ്പര്‍ക്കത്തില്‍ വന്ന പോലീസ് ഉദ്യോഗസ്ഥരെക്കൂടാതെ ഇയാളെ റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റ്, പൂജപ്പുര ജയിലിലെ ജീവനക്കാരും ക്വാറന്റീനിലാണ്.

Content Highlights: two criminal case suspects found covid 19