കരിപ്പൂരിൽ കനത്ത മഴയ്ക്കിടെ തകർന്ന വീട്. വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. ഫോട്ടോ - കെ.ബി സതീഷ് കുമാർമാതൃഭൂമി
മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മലപ്പുറം കരിപ്പൂര്‍ മുണ്ടോട്ടുപാടത്ത് വീട് തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു. ചേന്നാരി മുഹമ്മദ്കുട്ടിയുടെ പേരക്കുട്ടികളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (7 മാസം) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. ഉടന്‍തന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.

മലപ്പുറം ജില്ലയില്‍ രാത്രി മുഴുവന്‍ അതിശക്തമായ മഴ തുടരുകയായിരുന്നു. വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് വീട് തകര്‍ന്നുവെന്നാണ് വിവരം. നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും രണ്ട് കുട്ടികളുടെയും ജീവന് രക്ഷിക്കാനായില്ല.
കൊല്ലം തെന്മലയില് ഒഴുക്കില്‍പ്പെട്ട് വയോധികന് മരിച്ചു. നാഗമല സ്വദേശി ഗോവിന്ദരാജ് (65) ആണ് മരിച്ചത്. വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള തോട്ടിലെ ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്.
അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചില്‍: കെഎസ്ആര്‍ടിസി ബസ്സടക്കം കുടുങ്ങി

അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞ് വീണപ്പോള്‍. ഫോട്ടോ - പി.പി രതീഷ്\മാതൃഭൂമി
പാലക്കാട്ടും കനത്ത മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരവും കല്ലുംവീണ് ഗതാഗതം തടസപ്പെട്ടു. പത്താം വളവിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മണ്ണിടിഞ്ഞത്. ഗതഗാത തടസം നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മണ്ണാര്‍ക്കാടുനിന്ന് ഫയര്‍ഫോഴ്സ് എത്തി മരങ്ങള്‍ മുറിച്ചുനീക്കി. എന്നാല്‍ പാറക്കല്ലുകള്‍ നീക്കാന്‍ കഴിഞ്ഞിട്ടില്ല. പാലാ - ആനകട്ടി കെ.എസ്.ആര്.ടി.സി ബസ്സടക്കം നിരവധി വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങി.
നെല്ലിയാമ്പതി ചുരത്തിലും മണ്ണിടിച്ചിലും ഗതാഗത തടസവും ഉണ്ടായി. എന്നാല്‍ ഫയര്‍ഫോഴ്സ് ഗതാഗതം പുനഃസ്ഥാപിച്ചു. പാലക്കാട് നഗരത്തിലടക്കം കനത്ത മഴ തുടരുകയാണ്. കുന്തിപ്പുഴ അടക്കമുള്ളവയില്‍ ജലനിരപ്പ് ഉയര്‍ന്നു. കാഞ്ഞിരപ്പുഴ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ നേരത്തെ തന്നെ 25 സെന്റീമീറ്റര്‍വീതം തുറന്നിരുന്നു. 11.30 ഓടെ ഷട്ടറുകളുടെ ഉയരം 50 സെന്റീമീറ്ററാക്കും. ഇതോടെ കുന്തിപ്പുഴയിലും ഭവാനിപ്പുഴയിലും ജലനിരപ്പ് ഉയരും.
ചാലക്കുടി പുഴയില്‍ ജലനിരപ്പ് കുത്തനെ ഉയരുന്നു
പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍ ഡാമുകളില്‍ നിന്നും വെള്ളം തുറന്ന് വിട്ടതിനാല്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് കുത്തനെ ഉയരുകയാണ്. രാവിലെ 6.30 ഓടെ ജലനിരപ്പ് വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. രാത്രി മുതല്‍ അതിരപ്പിള്ളി ഷോളയാര്‍ വനമേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. ഇതേത്തുടര്‍ന്നാണ് ചാലക്കുടി പുഴയിലേക്കുള്ള കുത്തൊഴുക്ക് വര്‍ധിച്ചത്. ഒറ്റരാത്രികൊണ്ട് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഒരു മീറ്ററിലധികം ഉയര്‍ന്നു. പരിയാരം അടക്കമുള്ള ചാലക്കുടി പുഴയുടെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളിലേക്ക് വെള്ളം കയറി. അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞ് ഒഴുകുകയാണ്. ആനമല റോഡിലടക്കം വെള്ളം കയറി. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി. വീടുകളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ അഗ്നിരക്ഷാസേന രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്.
ഒക്ടോബര്‍ 15 വരെ ശക്തമായ മഴ
ഒക്ടോബര്‍ 15 വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച്ച ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലെര്‍ട്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുമാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിളും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കന്യാകുമാരി തീരങ്ങളിലും മാലദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വേഗതയിലായിരിക്കും കാറ്റ് വീശുക. ആ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളിലുള്ളവര്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.
അടുത്ത നാല് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
ഓറഞ്ച് അലെര്‍ട്ട്
12-10-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
13-10-2021: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം
14-10-2021: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം
15-10-2021: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
യെല്ലോ അലെര്‍ട്ട്
12-10-2021: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
13-10-2021: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
14-10-2021: പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
15-10-2021: എറണാകുളം, ഇടുക്കി, കണ്ണൂര്‍
Content Highlights: Two children died in building collapse in Karipur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..