കാണാതായ സന്തോഷ് വർഗീസ്, ജോൺസൺ ക്ലീറ്റസ്, മനു നെപ്പോളിയൻ, സാബു ജോർജ് എന്നിവർ. ഇതിൽ ജോൺസൺ , മനു എന്നിവരുടെ മൃതദേഹം കണ്ടെത്തി | ഫോട്ടോ: മാതൃഭൂമി
തിരുവന്തപുരം: അടിമലത്തുറ-ആഴിമലക്കടലിൽ കുളിക്കാനിറങ്ങി വ്യാഴാഴ്ച കാണാതായ നാലു പേരിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. പുല്ലുവിള ചാവടിനടയ്ക്ക് സമീപം ജോൺസൺ ക്ലീറ്റസ്(24), പുല്ലുവിള കൊച്ചുപള്ളി സ്വദേശി മനു നെപ്പോളിയൻ(23) എന്നിവരുടെ മൃതദേഹമാണ് വിഴിഞ്ഞം ഭാഗത്തുനിന്ന് വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്.
പുല്ലുവിള പള്ളിപുരയിടത്ത് സാബു ജോർജ്(23), പുല്ലുവിള കൊച്ചുപള്ളിക്ക് സമീപം സന്തോഷ് വർഗീസ്(25) എന്നിവർക്കായുള്ള തിരച്ചിൽ തുടരുന്നു. കുളിക്കാനിറങ്ങിയ പത്തു പേരിൽ നാല് പേരെയാണ് കാണാതായത്. അപകടത്തിൽ പെട്ട് മറ്റൊരാൾ ആശുപത്രിയിൽ ചികിത്സിലാണ്.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. പത്തു പേരും വൈകീട്ട് മൂന്നോടെയാണ് അടിമലത്തുറ കുരിശ്ശടിക്ക് സമീപമെത്തിയത്. അഞ്ചരയോടെ ഇവർ അടിമലത്തുറ ഭാഗത്ത് നിന്ന് ആഴിമലത്തീരത്തെത്തി. കാണാതായ നാലു പേരിൽ ഒരാളാണ് കടലിൽ ആദ്യമിറങ്ങിയതെന്ന് സമീപത്തെ പാറപ്പുറത്ത് ചൂണ്ടയിട്ട് മീൻ പിടിക്കുകയായിരുന്നയാൾ ബന്ധുക്കളോട് പറഞ്ഞു. ശക്തമായ തിരയിൽപ്പെട്ട് വീണ ഇയാളെ രക്ഷിക്കാനായാണ് മറ്റു മൂന്നു പേർ കടലിലേക്ക് ചാടിയത്. ഇവരും തിരയിൽപ്പെട്ടു.
കരയിലുണ്ടായിരുന്നവർ വെള്ളത്തിലിറങ്ങിയെങ്കിലും തിരയിൽപ്പെട്ടവരെ രക്ഷിക്കാനായില്ല. ഇതിൽ ഒരാൾക്ക് തിരയിൽ മറിഞ്ഞ് മുട്ടിന് പരിക്കേറ്റു. കരയിൽ നിന്ന കൂട്ടുകാർ നിലവിളിക്കുന്നതു കണ്ട നാട്ടുകാർ വിഴിഞ്ഞം പോലീസിനെ വിവരമറിയിച്ചു. ഇതേ തുടർന്ന് എസ്.ഐ. സജി എസ്.എസിന്റെ നേതൃത്വത്തിൽ പോലീസും വിഴിഞ്ഞം അഗ്നിരക്ഷാസേന, കോസ്റ്റൽ പോലീസ് ഇൻസ്‌പെക്ടർ എച്ച്.അനിൽ കുമാർ, എസ്.ഐ. ഇ.ഷാനിബാസ് തുടങ്ങിയവരെത്തി.
ഇരുട്ട് വ്യാപിച്ചതും അതിരൂക്ഷമായ കടലേറ്റമായതിനാലും തിരച്ചിൽ അസാധ്യമായതിനാൽ വെള്ളിയാഴ്ച രാവിലെയാണ് തിരച്ചിലാരംഭിച്ചത്. കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്‌സ് അടക്കമുള്ള ഏജൻസികളുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നതെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു. കാണാതായവരുടെ വീട്ടുകാരും മറ്റ് ബന്ധുക്കളും നാട്ടുകാരുമടക്കം വൻജനം അടിമലത്തുറ തീരത്തെത്തിയിരുന്നു.
മരിച്ച ജോൺസൺ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു ലണ്ടനിലേക്ക് യാത്ര തിരിക്കാനിരുന്നതാണെന്ന് ജേഷ്ഠൻ ജോയി പറഞ്ഞു. കാണാതായവർക്കൊപ്പമെത്തിയവരെ വെള്ളിയാഴ്ച സ്റ്റേഷനിലെത്തിച്ച് മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Content Highlights: Two bodies retrieved, two still missing in Vizhinjam sea
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..