കൊച്ചി: വൈപ്പിനിൽ മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ട് തകർന്നു. വൈപ്പിൻ എൽ എൻ ജിക്ക് സമീപം രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് അപകടം ഉണ്ടായത്. നേരത്തെ തകർന്ന് കിടന്ന ബോട്ടിന്റെ അവശിഷ്ടത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ബോട്ടിൽ ഉണ്ടായിരുന്ന ഒൻപത് പേരെ കരക്കെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

പുതുവൈപ്പിന് സമീപം പുലർച്ചയും ബോട്ട് തകർന്ന് അപകടം ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് രണ്ടാമത്തെ അപകടം. രാത്രി മത്സ്യബന്ധനത്തിന് പോയ ശേഷം തിരികെ വരുകയായിരുന്ന ബോട്ടാണ് ആദ്യം ബോട്ട് ഇടിച്ച അതേ അവശിഷ്ടങ്ങളിൽ തട്ടി അപകടത്തിൽപ്പെട്ടത്. കോസ്റ്റൽ പോലീസിന്റെ സഹായത്തോടുകൂടിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

അതേസമയം പുലർച്ചെ മത്സ്യബന്ധനത്തിന് പോവുകയായിരുന്ന ബോട്ടാണ് ആദ്യം അപകടത്തിൽപ്പെട്ടത്. അത് പൂർണമായും തകർന്ന നിലയിലാണ്. ഇതിൽ നാല്പത് പേരാണ് ഉണ്ടായിരുന്നത്. രണ്ട് പേരുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു വർഷം മുൻപ് തകർന്ന ബോട്ടിന്റെ അവശിഷ്ടങ്ങളിൽ തട്ടിയാണ് തുടർച്ചയായി ബോട്ടുകൾ അപകടത്തിൽപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നത്. ഈ അവശിഷ്ടങ്ങൾ മാറ്റാത്തതാണ് തുടർച്ചയായുള്ള അപകടങ്ങൾക്ക് കാരണം.

Content Highlights:Two boat accident at Ernakulam vypin