കണ്ണൂര്‍: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയടക്കം രണ്ടുപേര്‍ കൂടി അറസ്റ്റിലായി. മുഖ്യപ്രതി വിപിന്‍ (28), സംഗീത് (22) എന്നിവരാണ് പിടിയിലായത്. ഇവരെ തലശ്ശേരി കോടതിയില്‍ ഹാജരാക്കും. ഇരുവരും സി.പി.എം. അനുഭാവികളാണ്.

ഡിവൈ.എസ്.പി. പി. വിക്രമിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബോംബെറിഞ്ഞത് വിപിനാണെന്നാണ് സൂചന. പ്രഥമവിവര റിപ്പോര്‍ട്ടില്‍ പേരില്ലാതിരുന്ന ഇയാളെ സ്ഥാപനങ്ങളില്‍നിന്നും വീടുകളില്‍നിന്നും ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിയുകയായിരുന്നു. പ്രഥമവിവര റിപ്പോര്‍ട്ടില്‍ പേരുള്ള സംഗീത് അടിപിടിയില്‍ ഉള്‍പ്പെട്ടയാളാണ്. കഴിഞ്ഞദിവസം പിടിയിലായ ബിജേഷിനെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മോന്താല്‍ പാലത്തിന് സമീപത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിലെ രണ്ടാംപ്രതി കൂലോത്ത് രതീഷ് വളയത്തിനടുത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കുന്ന വടകര റൂറല്‍ എസ്.പി. ഡോ. എ. ശ്രീനിവാസ്, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഷാജി ജോസ് എന്നിവര്‍ തലശ്ശരി റെസ്റ്റ് ഹൗസിലെത്തി വിപിനെ ചോദ്യംചെയ്തു.

Content Highlights: Two arrested in Mansoor murder case