65-ാം വയസ്സില്‍ കോട്ടയത്തെ ഇരട്ടത്തുരങ്കം അടയുന്നു; 'ഇരുട്ടിലൂടെ' ട്രെയിനോട്ടം 26 വരെ,പുതിയ ട്രാക്ക്


1957-ലാണ് തുരങ്കങ്ങള്‍ പണിതത്. അന്ന് റെയില്‍വേ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്ന മെട്രോമാന്‍ ഇ.ശ്രീധരനും നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു.

ഏറ്റുമാനൂർ-ചിങ്ങവനം റെയിൽപ്പാത ഇരട്ടിപ്പിക്കുമ്പോൾ കോട്ടയം വഴിയുള്ള തുരങ്കയാത്രകളും ഇനി ഓർമയാകുന്നു. റെയിൽവേ സ്റ്റേഷന് സമീപമുള്ള രണ്ട്‌ തുരങ്കങ്ങളും പൊളിച്ചു മാറ്റാതെ നിലനിർത്തുമെങ്കിലും. ഇത് വഴി ഇനി യാത്രാ വണ്ടികൾ രണ്ടുദിവസം കൂടിയേ ഓടിക്കുകയുള്ളൂ. റബ്ബർ ബോർഡിന് സമീപത്തെ തുരങ്കത്തിൽനിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.വി.രാഗേഷ്

കോട്ടയം: മുട്ടമ്പലം ലെവല്‍ക്രോസിനും കോട്ടയം സ്റ്റേഷനും മധ്യേ യാത്രക്കാരെ അല്‍പ്പനേരം ഇരുട്ടിലാക്കുന്ന തുരങ്കയാത്ര ഇനി ഓര്‍മ. കോട്ടയം റെയില്‍വേസ്റ്റേഷന്റെ മുഖമുദ്രയായിരുന്ന ഇരട്ടത്തുരങ്കങ്ങളിലൂടെയുള്ള ട്രെയിനുകളുടെ ഓട്ടം 26-ന് അവസാനിക്കും. അന്ന് വൈകീട്ടോടെ രണ്ട് തുരങ്കങ്ങളും ഒഴിവാക്കി പുതിയ ട്രാക്കിലൂടെയാകും ട്രെയിനുകള്‍ സര്‍വീസ് നടത്തുക.

മുട്ടമ്പലത്ത് പഴയ ട്രാക്ക് മുറിച്ച് പുതിയ പാതയിലേക്ക് ഘടിപ്പിക്കുന്ന ജോലികള്‍ 26-ന് രാവിലെ തുടങ്ങും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച തുടങ്ങി. പത്തുമണിക്കൂര്‍ നീളുന്ന ജോലിയാണിത്. 26-ന് വൈകീട്ടോടെ ട്രെയിന്‍ ഓട്ടം പുതിയ പാതയിലൂടെയാകും. കോട്ടയം സ്റ്റേഷന്‍മുതല്‍ മുട്ടമ്പലം വരെ രണ്ട് പുതിയ പാതകളാണ് നിര്‍മിച്ചിരിക്കുന്നത്. പണി നടക്കുന്നതിനാല്‍ പകല്‍ കോട്ടയം വഴി ഇപ്പോള്‍ ട്രെയിനുകള്‍ ഓടുന്നില്ല. വൈകീട്ടു മുതലുള്ള സര്‍വീസുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.

റബ്ബര്‍ബോര്‍ഡ് ഓഫീസിനു സമീപവും പ്ലാന്റേഷന്‍ ഓഫീസിനു സമീപവുമാണ് തുരങ്കങ്ങളുള്ളത്. തുരങ്കങ്ങള്‍ക്ക് സമീപം മറ്റൊരു തുരങ്കംകൂടി നിര്‍മിച്ച് ഇരട്ടപ്പാതയൊരുക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. ഇവിടെ മണ്ണിന് ഉറപ്പ് കുറവായതിനാലാണ് പുറത്ത് രണ്ട് പുതിയ പാതകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്.

റബ്ബര്‍ബോര്‍ഡിനു സമീപത്തെ തുരങ്കത്തിന് 84 മീറ്റര്‍ നീളവും പ്ലാന്റേഷന്‍ ഭാഗത്തുള്ളതിന് 67 മീറ്റര്‍ നീളവുമാണുള്ളത്. 1957-ലാണ് തുരങ്കങ്ങള്‍ പണിതത്. അന്ന് റെയില്‍വേ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്ന മെട്രോമാന്‍ ഇ.ശ്രീധരനും നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു.

തുരങ്കത്തിന്റെ ഭിത്തി നിര്‍മിക്കുമ്പോള്‍ മണ്ണിടിഞ്ഞുവീണ് ആറു തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 30 അടിയോളം ഉയരത്തില്‍നിന്ന് മണ്ണും കല്ലുകളും ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. 1957 ഒക്ടോബര്‍ 20- നായിരുന്നു അത്. കെ.കെ.ഗോപാലന്‍, കെ.എസ്. പരമേശ്വരന്‍, വി.കെ. കുഞ്ഞുകുഞ്ഞ്, കൃഷ്ണന്‍ ആചാരി, കെ.രാഘവന്‍, ആര്‍.ബാലന്‍ എന്നിവരാണ് മരിച്ചത്.

ഇവരുടെ പേരുകളും അപകടം നടന്ന ദിവസവും രേഖപ്പെടുത്തി മേല്‍പ്പാലത്തോടു ചേര്‍ന്ന് റെയില്‍വേ അധികൃതര്‍ സ്തൂപവും സ്ഥാപിച്ചിരുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷനു സമീപം പുതിയ പാലം നിര്‍മിച്ചപ്പോള്‍ സ്തൂപം ഇവിടെനിന്ന് നീക്കി.

അഞ്ചുനാള്‍ നിര്‍മാണജോലികള്‍ക്ക് വേഗംകൂടും

കോട്ടയം: കോട്ടയംവഴിയുള്ള ഇരട്ടപ്പാതയുടെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇനി അഞ്ചുനാള്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ വേഗംകൂടും.

29-നു തന്നെ ചിങ്ങവനം-ഏറ്റുമാനൂര്‍ ഇരട്ടപ്പാതയില്‍ ട്രെയിന്‍ ഓടിക്കാനാണ് റെയില്‍വേ അധികൃതരുടെ തീവ്രശ്രമം. തിങ്കളാഴ്ച സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു.

പുതിയപാതയും പഴയപാതയും തമ്മില്‍ ബന്ധിപ്പിക്കുന്ന ജോലികളാണ് ഇനിയുള്ളത്.

പാതകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനൊപ്പം സിഗ്‌നല്‍, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ ജോലികളും അവശേഷിക്കുന്നുണ്ട്.

കോട്ടയം പാതയില്‍ പകല്‍ 10 മണിക്കൂര്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാറോലിക്കല്‍ ഗേറ്റിനു സമീപവും മുട്ടമ്പലത്തും പുതിയ പാതയും പഴയപാതയും തമ്മില്‍ ബന്ധിപ്പിക്കണം. കട്ട് ആന്‍ഡ് കണക്ഷന്‍ എന്ന ഈ ജോലി നിര്‍ണായകമാണ്. 28, 29 തീയതികളില്‍ പകല്‍ 10 മണിക്കൂര്‍ പൂര്‍ണ ഗതാഗത നിയന്ത്രണത്തോടെ ഈ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണു അധികൃതരുടെ പ്രതീക്ഷ.

മുട്ടമ്പലത്തു പഴയപാത പുതുതായി നിര്‍മിച്ച രണ്ടുപാതകളുമായി യോജിപ്പിക്കണം. ഇവിടെയുള്ള രണ്ടു തുരങ്കങ്ങളും ഒഴിവാക്കി രണ്ടുപുതിയ പാതകളാണു നിര്‍മിച്ചിരിക്കുന്നത്. ഇതു കോട്ടയം സ്റ്റേഷനുകളിലെ പാതകളുമായി ബന്ധിപ്പിക്കണം. പാതകള്‍ ബന്ധിപ്പിക്കുന്നതനുസരിച്ചുള്ള മാറ്റങ്ങളോടെ സിഗ്‌നല്‍ സംവിധാനങ്ങളും ബന്ധിപ്പിക്കേണ്ടതുണ്ട്. പാറോലിക്കലിലെ ജോലികള്‍ 29-ന് പുലര്‍ച്ചെ തുടങ്ങും. പുതിയ ട്രാക്കിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങിയാലും യാര്‍ഡിന്റെ ജോലികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

തുരങ്കം മറയുമ്പോള്‍ മായാത്ത ഓര്‍മകള്‍

ഇരട്ടത്തുരങ്കങ്ങള്‍ ഓര്‍മയാകുമ്പോള്‍ നിര്‍മാണത്തിന്റെ അവസാനകാലത്ത് ആ ഉദ്യമത്തില്‍ മെട്രോമാന്‍ ഇ.ശ്രീധരനും പങ്കാളിയായിരുന്നു ആ കാലം അദ്ദേഹം ഓര്‍ത്തെടുക്കുന്നു:-

'റെയില്‍വേ അസിസ്റ്റന്റ് എന്‍ജിനീയറായാണ് ഞാന്‍ കോട്ടയത്തെത്തുന്നത്. സര്‍വീസില്‍ കയറിയിട്ട ്ഒരു വര്‍ഷമേ ആയിരുന്നുള്ളൂ. അവസാനത്തെ എട്ടുമാസമാണ് ടണല്‍ നിര്‍മാണത്തില്‍ പങ്കാളിയായത്. മൂന്നുവര്‍ഷം എടുത്തു നിര്‍മാണം പൂര്‍ത്തിയാക്കാന്‍.

കട്ട് ആന്‍ഡ് കവര്‍ രീതിയിലായിരുന്നു ഒരു ടണലിന്റെ നിര്‍മാണം. മണ്ണ് കട്ട് ചെയ്ത് കോണ്‍ക്രീറ്റ്കൊണ്ട് കവര്‍ ചെയ്തായിരുന്നു നിര്‍മാണം. ഇതിനിടെയായിരുന്നു ആ ദുരന്തമുണ്ടായത്. മണ്ണിടിഞ്ഞ് ആറുപേര്‍ മരിച്ചത് ഇന്നും വേദനിക്കുന്ന ഓര്‍മയാണ്. അപകടമുണ്ടായിക്കഴിഞ്ഞ ശേഷമാണ് ഞാന്‍ കോട്ടയത്തെത്തുന്നത്. അന്ന് ജുഡീഷ്യല്‍ എന്‍ക്വയറിയൊക്കെ നടന്നതാണ്. പിന്നീടത് പ്രകൃതിദുരന്തമായി കണക്കാക്കുകയായിരുന്നു. ബ്രോഡ് ഗേജിന്റെ അളവിലാണ് അന്ന് ടണലുകള്‍ നിര്‍മിച്ചത്. കോട്ടയം റെയില്‍വേസ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന സ്ഥലംതന്നെ പ്രത്യേകതയുള്ളതാണ്. ഒന്നാം പ്ലാറ്റ്ഫോം താഴെയാണ്. ഭൂമിയുടെ ഈ പ്രത്യേകത തന്നെയായിരുന്നു തുരങ്കനിര്‍മാണത്തിലെ വെല്ലുവിളി. തുരങ്കം നിര്‍മിക്കാതെ പാത നിര്‍മിക്കാല്‍ പല വഴികളും നോക്കി. പക്ഷേ, വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല വിചാരിച്ചതിലധികം പ്രശ്‌നങ്ങളുണ്ടായി. മണ്ണ് താഴ്ന്നുപോകുന്നതായിരുന്നു വെല്ലുവിളി. കെ-റെയില്‍ നിര്‍മാണത്തെ ഞാന്‍ എതിര്‍ക്കുന്നതിന്റെ കാരണവും ഇതേ പ്രശ്‌നം മുന്‍നിര്‍ത്തിയാണ്.

ഇന്നുമുതല്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോം

കോട്ടയം: ബുധനാഴ്ച വൈകീട്ടുമുതല്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിലയ്ക്കും. മൂന്നാഴ്ചത്തേക്ക് രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലൂടെയാവും ട്രെയിന്‍ കടന്നുപോകുക. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണിത്. ചൊവ്വാഴ്ച ഒന്നാം നമ്പര്‍ പ്‌ളാറ്റ്‌ഫോമിലൂടെയാണ് ട്രെയിന്‍ കടത്തിവിട്ടത്.

ഇന്ന് റദ്ദാക്കിയ ട്രെയിന്‍ സര്‍വീസ്

കോട്ടയം: ഏറ്റുമാനൂര്‍-ചിങ്ങവനം ഇരട്ടപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച പൂര്‍ണമായി റദ്ദുചെയ്ത ട്രെയിനുകള്‍.

1.ട്രെയിന്‍ നന്പര്‍ 12623: എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം
2. ട്രെയിന്‍ നന്പര്‍ 12624: തിരുവനന്തപുരം-എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍
3. ട്രെയിന്‍ നന്പര്‍ 16526: കെ.എസ്.ആര്‍. ബെംഗളൂരു-കന്യാകുമാരി
4. ട്രെയിന്‍ നന്പര്‍ 16525: കന്യാകുമാരി- കെ.എസ്.ആര്‍. ബെംഗളൂരു
5. ട്രെയിന്‍ നന്പര്‍ 16649: മംഗളൂരു-നാഗര്‍കോവില്‍ പരശുറാം.
6. ട്രെയിന്‍ നന്പര്‍. 16650: നാഗര്‍കോവില്‍-മംഗളൂരു പരശുറാം .
7. ട്രെയിന്‍ നന്പര്‍ 12081: കണ്ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി.
8. ട്രെയിന്‍ നന്പര്‍ 12082: തിരുവനന്തപുരം സെന്‍ട്രല്‍-കണ്ണൂര്‍ ജനശതാബ്ദി.
9. ട്രെയിന്‍ നന്പര്‍ 16302: തിരുവനന്തപുരം സെന്‍ട്രല്‍-ഷൊര്‍ണൂര്‍ വേണാട്.
10. ട്രെയിന്‍ നന്പര്‍ 16301: ഷൊര്‍ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ വേണാട്.
11. ട്രെയിന്‍ നന്പര്‍ 16327: പുനലൂര്‍ -ഗുരുവായൂര്‍.
12. ട്രെയിന്‍ നന്പര്‍ 16328: ഗുരുവായൂര്‍-പുനലൂര്‍.
13. ട്രെയിന്‍ നന്പര്‍ 06449: എറണാകുളം-ആലപ്പുഴ.
14. ട്രെയിന്‍ നന്പര്‍ 06452: ആലപ്പുഴ-എറണാകുളം.
15. ട്രെയിന്‍ നന്പര്‍ 06444 : കൊല്ലം-എറണാകുളം മെമു.
16. ട്രെയിന്‍ നന്പര്‍ 06443: എറണാകുളം-കൊല്ലം.
17. ട്രെയിന്‍ നന്പര്‍ 06451: എറണാകുളം-കായംകുളം.
18. ട്രെയിന്‍ നന്പര്‍ 06450: കായംകുളം-എറണാകുളം.
19. ട്രെയിന്‍ നന്പര്‍ 16791: തിരുനെല്‍വേലി-പാലക്കാട്.
20. ട്രെയിന്‍ നന്പര്‍ 16792: പാലക്കാട്-തിരുനെല്‍വേലി.
21. ട്രെയിന്‍ നന്പര്‍ 06431: കോട്ടയം-കൊല്ലം

Content Highlights: twin tunnels near kottayam railway station

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented