സാബു ജേക്കബ്
കൊച്ചി: ആം ആദ്മിക്ക് പുറമെ തൃക്കാക്കരയില്‍ മത്സരിക്കുന്നതില്‍നിന്ന് ട്വന്റി-20യും പിന്മാറി. രാഷ്ട്രീയമായി ഒരു ചലനവുണ്ടാക്കാത്ത തിരഞ്ഞെടുപ്പാണിതെന്നും രാഷ്ട്രീയമായി ഒട്ടും പ്രാധാന്യമില്ലാത്ത മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്നും ട്വന്റി-20 ചീഫ് കോഡിനേറ്റര്‍ സാബു ജേക്കബ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സംസ്ഥാന ഭരണത്തെ നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടക്കുന്നത്. ഉപ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ല. സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള് ഈ മാസം 15 ന് കൊച്ചിയിലെത്തുന്നുണ്ട്. അന്നു വൈകിട്ട് കിഴക്കമ്പലത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കാണ് ഈ അവസരത്തില്‍ ട്വന്റി-20യും ആം ആദ്മിയും പ്രധാന്യം നല്‍കുന്നതെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
മത്സരിക്കുന്നില്ലെന്ന് നേരത്തെ എ.എ.പി കേരള ഘടകം കണ്‍വീനര്‍ പി.സി സിറിയക്കും നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. പാര്‍ട്ടി അധികാരത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ പൊതുവേ ഉപതിരഞ്ഞെടുപ്പില്‍ എ.എ.പി. മത്സരിക്കാറില്ല. കാരണം ഉപതിരഞ്ഞെടുപ്പില്‍ ഒന്നോ രണ്ടോ സീറ്റ് ലഭിച്ചിട്ട് അവിടുത്തെ ഭരണത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ സാധിക്കില്ല. അതേസമയം പൊതുതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിച്ച് വിജയിച്ച് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം നിറവേറ്റണം, അതാണ് എ.എ.പിയുടെ ലക്ഷ്യമെന്നും സിറിയക് പറഞ്ഞു.
അതേസമയം മത്സരത്തില്‍ നിന്ന് ട്വന്റി-20യും എ.എ.പിയും പിന്മാറുന്നത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.ജോ.ജോസഫിന്റെ ദയനീയ പരാജയം ഒഴിവാക്കാനാണെന്ന് വി.ഫോര്‍ പീപ്പിള്‍ പാര്‍ട്ടി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകനെ തഴഞ്ഞ് ഡോ. ജോ ജോസഫിനെ സ്ഥാനാര്‍ഥി ആക്കിയ സാഹചര്യത്തില്‍ സി.പി.എം പ്രതിഷേധ വോട്ടുകള്‍ ആം ആദ്മി പിടിച്ച് സി.പി.എം-ന്റെ ദയനീയ പരാജയം ഒഴിവാക്കാന്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍വാങ്ങുക ആണ് ആം ആദ്മി പാര്‍ട്ടി - ട്വന്റി-20. പരമ്പരാഗത സി.പി.എം വോട്ടര്‍മാര്‍ക്ക് യു.ഡി.എഫ്.-ന് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയുന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍ നവ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവര്‍ വോട്ട് മാറ്റി ചെയ്യുന്നത് 2020 തദ്ദേശ തിരഞ്ഞെടുപ്പിലും, 2021 നിയമസഭാ തിരഞ്ഞെടുപ്പിലും ബൂത്ത് തല വോട്ടുകള്‍ പരിശോധിക്കുമ്പോൾ വ്യക്തമാണ്. സി.പി.എം. നേതൃത്വത്തിന്റെ ഭയത്തിനും താല്‍പ്പര്യങ്ങള്‍ക്കും അനുസരിച്ച് നില കൊള്ളുകയാണ് അരവിന്ദ് കെജ്രിവാളെന്നും വി.ഫോര്‍ പീപ്പിള്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
Content Highlights: Twenty-Twenty Not Not Put Candidate In Thrikkakkara By Election
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..