തിരുവനന്തപുരം: റീജനല്‍ കാന്‍സര്‍ സെന്ററില്‍(ആര്‍.സി.സി.) ലിഫ്റ്റില്‍നിന്ന് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പത്തനാപുരം സ്വദേശി നജീറ(21) ആണ് മരിച്ചത്. മെയ് 15-നാണ് അപകടമുണ്ടായത്. ആര്‍.സി.സിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് യുവതിയുടെ കുടുംബം പരാതിപ്പെട്ടു.

അറ്റകുറ്റപ്പണികള്‍ക്കായി തുറന്നിട്ടിരുന്ന ലിഫ്റ്റിലേക്ക് കയറിയ യുവതി കാല്‍ വഴുതി രണ്ടു നില താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 

ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാനായി എത്തിയപ്പോഴാണ് നജീറയ്ക്ക് അപകടം സംഭവിച്ചത്. ആര്‍.സി.സിയുടെ താഴത്തെനിലയില്‍ അറ്റകുറ്റപ്പണി നടക്കുകയായിരുന്ന ലിഫ്റ്റിന്റെ മുകള്‍ഭാഗത്ത് പലകകള്‍ നിരത്തി കുഴി താത്കാലികമായി അടച്ചിരുന്നു. എന്നാല്‍, പണി നടക്കുകയാണെന്നറിയാതെ യുവതി ലിഫ്റ്റില്‍ കയറി. ഉടന്‍ തന്നെ പലകകള്‍ ഇളകി ഇവര്‍ താഴേക്ക്  വീഴുകയായിരുന്നു. നട്ടെല്ലിനും കാലിനുമാണ് ഗുരുതരമായി പരിക്കേറ്റത്.

അശ്രദ്ധമായി ലിഫ്റ്റ് തുറന്നിട്ട ജീവനക്കാരനെ പ്രാഥമിക അന്വേഷണം നടത്തി സസ്പെന്‍ഡ് ചെയ്തിരുന്നു. നജീറയുടെ കുടുംബത്തിന് ആര്‍.സി.സി. നഷ്ടപരിഹാരം നല്‍കണമെന്ന് വനിത കമ്മീഷന്‍ ഉത്തരവിട്ടു. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുമുണ്ട്. 

Content Highlights: Twenty one year old died after falling from Thiruvananthapuram RCC's elevator