കോഴിക്കോട്: എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ച സമരവുമായി ബന്ധപ്പെട്ട്  ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ സെക്രട്ടറി മുഹമ്മദ് റിയാസ്, ടി.വി. രാജേഷ് എം.എല്‍.എ., ഡി.വൈ.എഫ്.ഐ. മുന്‍ ജില്ലാ സെക്രട്ടറി പി.പി. ദിനേശന്‍ എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. രണ്ട് ആള്‍ജാമ്യത്തിലും വിചാരണവേളയില്‍ കോടതിയില്‍ മുടങ്ങാതെ ഹാജരാകണം എന്ന വ്യവസ്ഥയോടെയുമാണ് കോടതി ജാമ്യം അനുവദിച്ചത്. 

2010-ല്‍ നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വാറണ്ട് ആയെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. വേറെയും പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ മാത്രമാണ് ഹാജരാവാതിരുന്നത്. മറ്റു പ്രതികളെയെല്ലാം കേസില്‍ വെറുതെ വിട്ടിരുന്നു. കേസ് തീര്‍പ്പ് കല്‍പ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നേതാക്കളോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് കോടതിയില്‍ എത്തിയ മൂന്നു പേരെയും റിമാന്‍ഡ് ചെയ്യുകയായിരുന്നു. എയര്‍ ഇന്ത്യ ഓഫീസ് അക്രമിച്ചു എന്നതാണ് കേസ്. ഉപരോധസമരം ഉദ്ഘാടനം ചെയ്തത് അന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായിരുന്ന ടി.വി രാജേഷായിരുന്നു. മുഹമ്മദ് റിയാസ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു അക്കാലത്ത്.

Content Highlights: TV Rajesh and Mohammad Riyaz on bail