തിരുവനന്തപുരം: ലോകം നടുങ്ങിയ സുനാമി ദുരന്തത്തിന് ഇന്ന് 15 വയസ്. 2004 ഡിസംബര്‍ 26 നായിരുന്നു കേരള തീരങ്ങളെ അടക്കം തുടച്ചുമാറ്റിയ രാക്ഷസ തിരമാലകള്‍ ആഞ്ഞടിച്ചത്. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങി 15 രാജ്യങ്ങളില്‍ നിന്നായി രണ്ടര ലക്ഷം ആളുകളെയാണ് സുനാമി മരണത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയത്.

സുനാമി തിരകള്‍ തച്ചുതകര്‍ത്ത തീരങ്ങളെ വീണ്ടെടുക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട പ്രയ്തനങ്ങള്‍ വേണ്ടി വന്നു. എന്നാല്‍ അന്ന് നഷ്ടപ്പെട്ട ജീവിതം തിരികെ പിടിക്കാന്‍ സാധിക്കാതെ കേരളത്തിലടക്കം കഴിയുന്നത് ആയിരങ്ങളാണ്. 

ലോകം ക്രിസ്മസ് ആഘോഷങ്ങളില്‍ മയങ്ങി നില്‍ക്കവേയാണ് വടക്കന്‍ സുമാത്രയില്‍ കടലിനടിയിലുണ്ടായ ഭൂകമ്പം ചരിത്രത്തെ മാറ്റിമറിച്ചത്. 2004 ഡിസംബര്‍ 26ന് പ്രാദേശിക സമയം 7.59നാണ് മരണ തിരമാലകള്‍ക്ക് രൂപം കൊടുത്ത ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് പിന്നാലെ ഏഴുമണിക്കൂറിനുള്ളില്‍ കിഴക്കന്‍ ആഫ്രിക്ക വരെ എത്തിയ സുനാമിത്തിരകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെമ്പാടും നാശം വിതച്ചു.

Tsunami
AP File Photo

അമേരിക്കന്‍ ജിയോളജിക്കള്‍ സര്‍വേയുടെ കണക്ക് പ്രകാരം ഹിരോഷിമയില്‍ പ്രയോഗിച്ച പോലുള്ള 23,000 അണുബോംബുകള്‍ പൊട്ടിയാലുണ്ടാകുന്നത്ര ഊര്‍ജമാണ് ഭൂചലനത്തെ തുടര്‍ന്ന് പുറത്തുവന്നത്. ചിലസ്ഥലങ്ങളില്‍ സുനാമി തിരകള്‍ തീരത്തോടടുത്തപ്പോള്‍ 30 അടിവരെ ഉയരമുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 100 അടിവരെ ഉയരത്തില്‍ പൊങ്ങിയ തിരമാലകള്‍ 15 രാജ്യങ്ങളുടെ തീരങ്ങളെയാണ് മുക്കിയത്.

കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായത് ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ്. ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്, ആന്ധ്രാ, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ തീരങ്ങളിലാണ് സുനാമി തിരകള്‍ ആഞ്ഞടിച്ചത്. ഇവിടങ്ങളിലായി 16,000 ജീവനുകളാണ് പൊലിഞ്ഞത്.

Tsunami
PTI File Photo

തമിഴ്‌നാട്ടില്‍ മാത്രം 7000 മരണം. കേരളത്തില്‍ 236 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഏറ്റവും വലിയ നാശനഷ്ടമുണ്ടായത് ആലപ്പുഴ, കൊല്ലം ജില്ലകളിലാണ്. ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ട് കിലോമീറ്റര്‍ ദൂരം തീരം കടലെടുത്തു. കേരളത്തില്‍ മാത്രം 3000 വീടുകള്‍ തകര്‍ന്നു.  

സുനാമിയുടെ രൗദ്രത ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടി വന്നത് ഇന്തോനേഷ്യയായിരുന്നു. 1,67,000 പേര്‍ മരിച്ചെന്നും അഞ്ചു ലക്ഷത്തിലധികം വീടുകള്‍ തകര്‍ന്നുവെന്നുമാണ് കണക്കുകള്‍. 

Tsunami
AP File Photo

Content Highlights: Tsunami Tragedy 15th anniversary today