കൊച്ചി: ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ഇവര്‍ ശബരിമലയിലേക്ക് പോവുന്നതിന് മുന്നോടിയായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി. കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്തി ദേശായിയുടെ സംഘത്തിലുണ്ട്. 

ശബരിമല ദര്‍ശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് തൃപ്തി ദേശായിയും സംഘവും കമ്മീഷണര്‍ ഓഫീസിലെത്തിയത്. ഇതിനിടെ വിവരമറിഞ്ഞ് ബിജെപി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തില്‍ ഒരുസംഘവും കമ്മീഷണര്‍ ഓഫീസിന് മുന്നിലെത്തി. ഇവരും ബിന്ദു അമ്മിണിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ബിന്ദുവിന് നേരേ മുളകു സ്‌പ്രേ ആക്രമണവുമുണ്ടായി

അതേസമയം, തൃപ്തി ദേശായിയും ഭൂമാത ബ്രിഗേഡ് അംഗങ്ങളും കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ കഴിയുകയാണ്. നേരത്തെ വിമാനത്താവളത്തില്‍നിന്ന് പമ്പയിലേക്ക് യാത്രതിരിച്ച സംഘം വഴിമധ്യേ യാത്ര മതിയാക്കി  സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 

ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോവാനാകില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്.  എന്തുകൊണ്ട് കയറാനാകില്ലെന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കില്‍ ശബരിമല ദര്‍ശനത്തിന് സൗകര്യമൊരുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു. എന്നാല്‍ ശബരിമല കര്‍മസമിതി അടക്കമുള്ള സംഘടനകളുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ മടങ്ങിപ്പോവുകയായിരുന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാതെയായിരുന്നു തൃപ്തി ദേശായി അന്ന് മടങ്ങിപ്പോയത്. 

Content Highlights: trupti desai arrives in kerala for sabarimala darshan, she left from kochi to pampa