പാലക്കാട്: പാലക്കാട് ആലത്തൂരില്‍ ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടിയതിനെത്തുടര്‍ന്ന് ലോറിക്കു തീപ്പിടിച്ചു. ഉടനെ തന്നെ നാട്ടുകാര്‍ ഇടപെട്ട് തീ പടരുന്നത് തടഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. വ്യാഴാഴ്ച വൈകീട്ടാണ് തീപ്പിടിത്തമുണ്ടായത്. 

അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ പൂര്‍ണമായും കെടുത്തി. പെരുമ്പാവൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയുടെ ഇന്ധനടാങ്ക് ആലത്തൂരില്‍ വെച്ച് വലിയശബ്ദത്തോടെ പൊട്ടി തീപടരുകയായിരുന്നു. 

സംഭവത്തില്‍ ആളപായമില്ല. തീ പടരുന്നത് കണ്ട് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. ഡീസല്‍ റോഡില്‍ വ്യാപിച്ചു റോഡരികിലെ മരത്തിനും തീപിടിച്ചു. ദേശീയപാതയില്‍ ഗതാഗത തടസ്സം നീക്കാനായി റോഡിനു നടുവിലുള്ള ലോറി ക്രെയിന്‍ ഉപയോഗിച്ചു മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Content Highlights: Truck went into flames after diesel tank bursts in palakkad