തിരുവനന്തപുരം: ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരത്തെത്തുന്ന യാത്രക്കാരെ സ്വീകരിക്കാന്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതിനായി തമ്പാനൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ ആരോഗ്യ പരിശോധന കര്‍ശനമായി നടത്താനായി പ്രത്യേക മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. 

പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റും. യാത്രക്കാരുടെ കൈവശം ഓണ്‍ലൈനില്‍ അപേക്ഷിച്ച് ലഭിച്ച പാസുണ്ടാകണം. പാസില്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. പാസുള്ളവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം - ജില്ലാ കളക്ടര്‍ അറിയിച്ചു. 

ഓരോ ജില്ലയിലേക്ക് പോകേണ്ടവരേയും തരംതിരിച്ച് വ്യത്യസ്ത കവാടങ്ങളിലൂടെ സാമൂഹ്യ അകലം പാലിച്ചാകും പുറത്തിറക്കുക എന്നും ഇതര ജില്ലകളിലേക്കു പോകുന്നവര്‍ക്കായി കെ.എസ്.ആര്‍.ടി.സി. ബസ് സൗകര്യമുണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു. 

റെയില്‍വെ ടിക്കറ്റ് എടുക്കുന്നവര്‍ പാസിനുവേണ്ടി കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ കൂടി അപേക്ഷിക്കണം. അപേക്ഷിച്ചാല്‍ എത്രയും വേഗം പാസ് ലഭ്യമാക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ടിക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്‌റ്റേഷന്‍, എത്തേണ്ട സ്‌റ്റേഷന്‍, ട്രെയിന്‍ നമ്പര്‍, പി.എന്‍.ആര്‍. നമ്പര്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം - കളക്ടര്‍ അറിയിച്ചു. 

റെയില്‍വെ സ്‌റ്റേഷനില്‍നിന്നും വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടു പോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിക്കുമെന്നും കളക്ടര്‍ പറഞ്ഞു. 

content highlight: trivandrum collector assures medical checkup vehicle availability for malayalis coming back by train