തിരുവനന്തപുരം: നഗരത്തില്‍ അമിത വേഗത്തില്‍ വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ കാറിന്റെ ഉടമ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. നെടുമങ്ങാട് സ്വദേശിയായ ഷൈമയാണ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇവരെ ജാമ്യത്തില്‍ വിട്ടു.

ശനിയാഴ്ചയാണ് കരമനയിലും വഴുതക്കാട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിനു മുന്നിലും അമിത് വേഗത്തിലെത്തിയ കാര്‍ വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചത്. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മധുവിന്റെ ബന്ധുക്കളുടെ മൊഴിയില്‍ കന്റോണ്‍മെന്റ് പോലീസ് ഇന്ന് കേസെടുത്തതിനു പിന്നാലെയാണ് ഉടമ ഷൈമയും സുഹൃത്തും കീഴടങ്ങിയത്.

അതിവേഗത്തില്‍ നഗരത്തിലൂടെ പാഞ്ഞ കാര്‍ കരമനയില്‍ രണ്ട് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചിരുന്നു. ഇതിന് ശേഷം വഴുതക്കാടേക്ക് പോയ കാര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ കാര്യാലയത്തിന് മുന്നില്‍ വച്ച് ഓട്ടോറിക്ഷയെയും ഇടിച്ച് തെറിപ്പിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് കാര്‍ തിരിച്ചറിഞ്ഞത്.

കരമനയില്‍ വാഹനത്തില്‍ ഇടിച്ച ശേഷം മറ്റൊരു കാര്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്നാണ് വേഗത്തില്‍ പോയതെന്നാണ് ഷൈമ മൊഴി നല്‍കിയത്. മൊഴി പൂര്‍ണ്ണമായും വിശ്വസനീയമല്ലെന്നാണ് പോലീസ് വിലയിരുത്തല്‍. അപകട സമയത്ത് മദ്യപിച്ചിരുന്നത് കൊണ്ടാണോ പ്രതികള്‍ കാര്‍ നിര്‍ത്താതെ പോയതെന്നും സംശയമുണ്ട്.

content highlights: Trivandrum car accident, Car owner surrenders