പ്രതീകാത്മക ചിത്രം | മാതൃഭൂമി
തിരുവനന്തപുരം: എറണാകുളം, മലപ്പുറം, തൃശ്ശൂര്‍, തിരുവനന്തപുരം, ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ജില്ലകളുടെ അതിര്‍ത്തികള്‍ അടച്ചിടും. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ പ്രവേശിക്കാനും പുറത്തുകടക്കാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളു. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടി നില്‍ക്കുക, മാസ്‌ക് ധരിക്കാതിരിക്കുക, മറ്റ് കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുക എന്നിവയെല്ലാം കടുത്ത നിയമനടപടികള്‍ക്ക് വിധേയമാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുന്ന സ്ഥലങ്ങളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും. ആള്‍ക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയും ക്വാറന്റീന്‍ ലംഘനം കണ്ടെത്താന്‍ ജിയോ ഫെന്‍സിങ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് മാത്രമല്ല, സഹായം നല്‍കുന്നവര്‍ക്ക് എതിരേയും കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കര്‍ശന നടപടി എടുക്കും.
ഭക്ഷണം എത്തിക്കുന്ന നടപടികള്‍ക്ക് വാര്‍ഡ് സമതികളാണ് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. കമ്മ്യൂണിറ്റി കിച്ചണുകള്‍, ജനകീയ ഹോട്ടലുകള്‍ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തുകയാണ്. അതില്‍ കവിഞ്ഞുള്ള സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ പരിപൂര്‍ണമായി ഒഴിവാക്കണം. ട്രിപ്പിള്‍ ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ 10,000 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
മരുന്ന് കട, പെട്രോള്‍ ബങ്ക് എന്നിവ തുറക്കും. പത്രം, പാല്‍ എന്നിവ രാവിലെ 6 മണിക്ക് മുമ്പ് വീടുകളിലെത്തിക്കണം. വീട്ടുജോലിക്കാര്‍, ഹോംനേഴ്‌സ് എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങി യാത്ര ചെയ്യാം. പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്മാര്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങി അടിയന്തിരഘട്ടങ്ങളില്‍ യാത്ര ചെയ്യാം. വിമാന യാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതിയുണ്ട്. ബേക്കറി, പലവ്യഞ്ജന കടകള്‍ എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നതാണ് അഭികാമ്യം.
ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്ന ജില്ലകളില്‍ ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ മാത്രം മിനിമം ജീവനക്കാരുമായി പ്രവര്‍ത്തിക്കണം. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അത്യാവശ്യ വിഭാഗങ്ങളിലുള്ളവര്‍ക്ക് മാത്രമേ യാത്രാനുമതിയുണ്ടാകും. അകത്തേക്കും പുറത്തേക്കും യാത്രക്കുള്ള ഒരു റോഡ് ഒഴികെ കണ്ടെയ്‌മെന്റ് സോണ്‍ മുഴുവനായി അടക്കും.
നാല് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ സംബന്ധിച്ച് ഉത്തരവ് അതാത് ജില്ലാ ദുരന്തനിവാരണ അതോറിട്ടികള്‍ പുറപ്പെടുവിക്കും. രോഗവ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും കര്‍ശനമായ മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ എന്നും മറ്റ് പത്ത് ജില്ലകളില്‍ നിലവിലുള്ള ലോക്ഡൗണ്‍ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlights: Triple Lockdown in 4 Districts of Kerala From Sunday


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..