തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. സമ്പര്‍ക്കം മൂലമുള്ള കോവിഡ് രോഗബാധിതര്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം. തിരുവനന്തപുരം നഗരസഭയ്ക്ക്‌ കീഴിലെ 100 വാർഡുകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരുന്നത്. സെക്രട്ടറിയേറ്റ് അടച്ചിടും. മുഖ്യമന്ത്രി വസതിയിലിരുന്ന് ജോലിചെയ്യും.

ആവശ്യ ആരോഗ്യസേവനങ്ങള്‍ക്ക് മാത്രമാവും പുറത്തിറങ്ങാന്‍ അനുമതി ഉണ്ടാവുക. ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ എണ്ണവും നിശ്ചിതപ്പെടുത്തും. ഒരു പ്രദേശത്ത് ഒരു കട മാത്രം തുറക്കും. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി ഇല്ല. ആവശ്യസാധനങ്ങള്‍ ഹോം ഡെലിവറി മുഖേനെ വീടുകളിലെത്തിക്കും. മെഡിക്കല്‍ ഷോപ്പുകളും ആശുപത്രികളും പ്രവര്‍ത്തിക്കും. പൊതുഗതാഗതം ഉണ്ടാവില്ല. സര്‍ക്കാര്‍ ഓഫീസുകളും കോടതികളും പ്രവര്‍ത്തിക്കില്ല. കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടയ്ക്കും. ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പോലീസ് ആസ്ഥാനം പ്രവര്‍ത്തിക്കും. 

ആളുകള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു. തുറക്കുന്ന കടകളില്‍ പൊതുജനങ്ങള്‍ക്ക് പോകാന്‍ അനുമതി ഇല്ല. അവശ്യസാധനങ്ങള്‍ വേണ്ടവര്‍ പോലീസിനെ അറിയിച്ചാല്‍ വീട്ടിലെത്തിക്കും. പോലീസ് സേവനത്തിനായി ഒരു ഫോണ്‍നമ്പര്‍ പ്രസിദ്ധീകരിക്കും. മെഡിക്കല്‍ സ്റ്റോറില്‍ പോകണമെങ്കില്‍ കൃത്യമായ സത്യവാങ്മൂലം കാണിക്കണമെന്നും ഡിജിപി അറിയിച്ചു. 

തിരുവനന്തപുരത്ത് നഗരത്തില്‍ സമൂഹവ്യാപന ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നഗരപരിധിയില്‍ സമ്പൂര്‍ണ അടച്ചിടലിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്. 

കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കല്‍, ഉള്ളൂര്‍, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡികോണം, ഞാണ്ടൂര്‍ക്കോണം,കിണവൂര്‍, മണ്ണന്തല, നാലാഞ്ചിറ, കേശവദാസപുരം,മെഡിക്കല്‍ കോളേജ്,പട്ടം, മുട്ടട, കുടപ്പനക്കുന്ന്, പാതിരിപ്പള്ളി, ചെട്ടിവിളാകം,ശാസ്തമംഗലം, കവടിയാര്‍, കുറവന്‍കോണം, നന്തന്‍കോട്, കുന്നുകുഴി, പാളയം, തൈക്കാട്, വഴുതയ്ക്കാട്, കാഞ്ഞിരംപാറ, പേരൂര്‍ക്കട, തുരുത്തുംമല, കാച്ചാണി, വാഴോട്ടുകോണം,  വട്ടിയൂര്‍ക്കാവ്, കൊടുങ്ങാനൂര്‍, പി.ടി.പി. നഗര്‍, പാങ്ങോട്, തിരുമല, വലിയവിള, പൂജപ്പുര, വലിയശാല, ജഗതി, കരമന, ആറന്നൂര്‍, മുടവന്‍മുകള്‍, തൃക്കണ്ണാപുരം, നേമം, പൊന്നുമംഗലം, പുന്നയ്ക്കാമുകള്‍.
പാപ്പനംകോട്, എസ്റ്റേറ്റ്, നെടുങ്കാട്, കാലടി, മേലാങ്കോട്, പുഞ്ചക്കരി, പൂങ്കുളം, വേങ്ങാനൂര്‍, മുല്ലൂര്‍ കോട്ടപ്പുറം, വിഴിഞ്ഞം, ഹാര്‍ബര്‍, വെള്ളാര്‍, തിരുവല്ലം, പൂന്തുറ, അമ്പലത്തറ, കമലേശ്വരം,കളിപ്പാന്‍കുളം, ആറ്റുകാല്‍, ചാല, മണക്കാട്, കുര്യാത്തി, പുത്തന്‍പള്ളി, മാണിക്യവിളാകം, ബീമാപ്പള്ളിഈസ്റ്റ്, ബീമാപ്പള്ളി, മുട്ടത്തറ, ശ്രീവരാഹം, ഫോര്‍ട്ട്, തമ്പാനൂര്‍, വഞ്ചിയൂര്‍, ശ്രീകണ്‌ഠേശ്വരം, പെരുന്താന്നി, പാല്‍ക്കുളങ്ങര, ചാക്ക, വലിയതുറ, വള്ളക്കടവ്, ശംഖുമുഖം, വെട്ടുകാട്, കരയ്ക്കകം, കടകംപള്ളി, പേട്ട, കണ്ണമ്മൂല, അണമുഖം, ആക്കുളം, കുളത്തൂര്‍, ആറ്റിപ്ര, പൗണ്ട്കടവ്, പള്ളിത്തുറ എന്നീ മേഖലകളിലാണ് നിയന്ത്രണങ്ങളുണ്ടാവുക. 

ട്രിപ്പിള്‍ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയ സേവനങ്ങള്‍ 

താഴെപ്പറയുന്ന സേവനങ്ങളും സ്ഥാപനങ്ങളും തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 

എയര്‍പോര്‍ട്ട്, വിമാനസര്‍വീസുകള്‍, ട്രെയിന്‍ യാത്രക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ആവശ്യമായ ടാക്‌സി, എ.ടി.എം ഉള്‍പ്പെടെയുള്ള അത്യാവശ്യ ബാങ്കിങ് സേവനങ്ങള്‍, ഡേറ്റ സെന്റര്‍ ഓപ്പറേറ്റര്‍മാരും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും, മൊബൈല്‍ സര്‍വ്വീസ് സേവനവുമായി ബന്ധപ്പെട്ട അത്യാവശ്യജീവനക്കാര്‍, ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും, ചരക്കുവാഹനങ്ങളുടെ യാത്ര, അത്യാവശ്യ പലചരക്കുകടകളുടെ പ്രവര്‍ത്തനം, വളരെ അത്യാവശ്യമുളള മാധ്യമപ്രവര്‍ത്തകരുടെ സേവനം, പെട്രോള്‍ പമ്പ്, എല്‍.പി.ജി, ഗ്യാസ് സ്ഥാപനങ്ങള്‍, ജല വിതരണം, വൈദ്യുതി, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.

തിരുവനന്തപുരത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 27 പേരില്‍ 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പതിനാല് പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇവര്‍ക്ക് യാത്രാപശ്ചാത്തലമില്ലെന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്. തിരുവനന്തപുരം നഗരത്തിലാണ് കൂടുതല്‍ സമ്പര്‍ക്കരോഗികളുള്ളത്. രോഗബാധിതരില്‍ ഏറെയും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്നവരാണ്.

തലസ്ഥാന നഗരി അഗ്നിപര്‍വതത്തിന്റെ മുകളിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. നിലവില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും സമൂഹവ്യാപനം ഉണ്ടായാല്‍ അതുമറച്ചുവെയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. സ്ഥിതി അതിസങ്കീര്‍ണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നഗരത്തിലെ ഇരുപതോളം വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

Content Highlights: Triple Lock down in Thiruvananthapuram for One week starting from Monday