ആത്മഹത്യാഭീഷണി മുഴക്കി സരുൺ സജി പ്ലാവിൽ
ഉപ്പുതറ: കാട്ടിറച്ചി കൈവശം വെച്ചെന്നാരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തിലെ യുവാവ് ആത്മഹത്യാഭീഷണി മുഴക്കി മരത്തിനു മുകളിൽ. കേസിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് ഇടുക്കി കണ്ണംപടി മുല്ല ആദിവാസി കോളനിയിലെ പുത്തന്‍പുരക്കല്‍ സരുണ്‍ സജി പ്ലാവിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നത്. കിഴുകാനം ഫോറസ്റ്റ് സ്‌റ്റേഷനിലെ പ്ലാവിന് മുകളിണ് സരുണ്‍ സജി കയറിയിരിക്കുന്നത്.
സജിയെ കള്ളക്കേസില്‍ കുടുങ്ങിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ മുഴുവന്‍ ഉദ്യോഗസ്ഥരേയും കഴിഞ്ഞ ദിവസം വനംവകുപ്പ് തിരിച്ചെടുത്തിരുന്നു. തനിക്ക് നീതി ലഭിച്ചില്ലെന്നാരോപിച്ചാണ് സരുണ്‍ സജി ഇപ്പോള്‍ ആത്മഹത്യാഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
2022 സെപ്റ്റംബര്‍ 20-നാണ് ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ഇടുക്കി കണ്ണംപടി മുല്ല ആദിവാസി കോളനിയിലെ പുത്തന്‍പുരക്കല്‍ സരുണ്‍ സജിയെ കിഴുകാനം ഫോറസ്റ്റര്‍ അനില്‍കുമാറും സംഘവും അറസ്റ്റുചെയ്തത്. ജാമ്യംലഭിച്ച് പുറത്തിറങ്ങിയ സരുണും കുടുംബാംഗങ്ങളും ആദിവാസി സംഘടനയുടെ നേതൃത്വത്തില്‍ നിരാഹാരസമരം നടത്തിയതോടെ വനംവകുപ്പ് സി.സി.എ് അന്വേഷണംനടത്തിയിരുന്നു.
അന്വേഷണത്തിൽ, സരുണിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തുകയും സര്‍ക്കാരിന് റിപ്പോര്‍ട്ടുനല്‍കുകയുംചെയ്തു. തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. ഈ സസ്‌പെന്‍ഷനാണ് കഴിഞ്ഞ ദിവസം പിന്‍വലിച്ചത്.
കള്ളക്കേസെടുത്ത നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് സരുണ്‍ സജി നല്‍കിയ പരാതിയിൽ പോലീസ് 13 വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് കേസെടുത്തിട്ടുണ്ടെങ്കിലും കാര്യമായ ഒരു നടപടിയും എടുത്തില്ലെന്നും ആരോപണമുണ്ട്. ഇത്തരത്തില്‍ തനിക്ക് ഒരുനിലയിലും നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് യുവാവ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്ത തീരുമാനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കഴിഞ്ഞ ദിവസം സരുണ്‍ സജി പ്രതികരിച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Tribal youth Sarun saji threatened to commit suicide
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..