പ്രതീകാത്മക ചിത്രം
കല്പറ്റ: മതിയായ ചികിത്സ ലഭിക്കാതെ വയനാട്ടിൽ ഒരാഴ്ചമുമ്പ് ആദിവാസിക്കുഞ്ഞ് മരിച്ചതിൽ മാനന്തവാടി മെഡിക്കൽ കോളേജിലെ കരാർജീവനക്കാരനായ ഡോക്ടറെ പിരിച്ചുവിട്ടു. മാനന്തവാടി കെല്ലൂർ കാരാട്ടുകുന്ന് കോളനിയിലെ ബിനീഷ് - ലീല ദമ്പതിമാരുടെ ആറുമാസം പ്രായമുള്ള ആൺകുഞ്ഞാണ് മാർച്ച് 22-ന് മരിച്ചത്. കടുത്ത ന്യുമോണിയയും വിളർച്ചയുമായി മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ച കുട്ടിയെ മരുന്നുനൽകി പറഞ്ഞയക്കുകയായിരുന്നു. പിറ്റേദിവസം രാവിലെയാണ് കുട്ടി മരിച്ചത്.
പോഷകാഹാരക്കുറവും തൂക്കക്കുറവുമുള്ള കുട്ടിയുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ആരോഗ്യവകുപ്പിനും പട്ടികവർഗ വികസനവകുപ്പിനും ഐ.സി.ഡി.എസിനും വീഴ്ചപറ്റിയിട്ടുണ്ട്. ആരോഗ്യവകുപ്പിനു കീഴിലെ പ്രാദേശിക ആരോഗ്യപ്രവർത്തകരായ രണ്ട് നഴ്‌സുമാർക്കും കാരണംകാണിക്കൽ നോട്ടീസ് നൽകി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും വീഴ്ചപറ്റിയെന്നാണ് പ്രാഥമിക നിഗമനമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. ദിനീഷ് പറഞ്ഞു.
ന്യുമോണിയയും വിളർച്ചയും കാരണമാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എന്നാൽ, പരിശോധനാ റിപ്പോർട്ടിൽ ഡോക്ടർ ശ്വാസകോശത്തിൽ അണുബാധയില്ലെന്ന് എഴുതിയെന്നാണ് ആരോപണം ഉയരുന്നത്. വിളർച്ച തിരിച്ചറിയാനും മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് സാധിച്ചില്ല. കുഞ്ഞിന് തൂക്കക്കുറവും പോഷകാഹാരക്കുറവുമുണ്ടായിരുന്നു.
ജനനസമയത്ത് 2.25 കിലോഗ്രാം തൂക്കമുണ്ടായിരുന്ന കുഞ്ഞിന് മരണസമയത്ത് മൂന്ന് കിലോ തൂക്കംമാത്രമാണുണ്ടായിരുന്നത്. ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് പത്തുകിലോ തൂക്കംവരെ വരേണ്ട പ്രായമാണിത്. പരിശോധിച്ച ഡോക്ടർ കുട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിഞ്ഞില്ല. അതേസമയം, ഡ്യൂട്ടിയിലുണ്ടായിരുന്ന കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറുടെയോ, വിളിച്ചാൽ ആശുപത്രിയിലെത്തുമായിരുന്ന ശിശുരോഗവിദഗ്ധരുടെയോ അഭിപ്രായം തേടാതെയാണ് കുട്ടിയെ പറഞ്ഞയച്ചതെന്നും കണ്ടെത്തി. ഈ ഗുരുതരവീഴ്ചകൂടി പരിഗണിച്ചാണ് ഡോക്ടറെ പിരിച്ചുവിട്ടത്.
വെള്ളിയാഴ്ച വൈകീട്ടുതന്നെ പിരിച്ചുവിടൽ ഉത്തരവ് കൈമാറിയതായി പ്രിൻസിപ്പൽ ഡോ. കെ.കെ. മുബാറക് പറഞ്ഞു. ഏപ്രിൽ രണ്ടിന് മാനന്തവാടി മെഡിക്കൽ കോളേജിലെ സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് ഡോക്ടർക്കുനേരെ തിരക്കിട്ട് നടപടിയെടുത്തത്.
മാർച്ച് 21-നാണ് കുഞ്ഞിനെ കാരക്കാമല സബ് സെന്റിനു കീഴിലുള്ള പ്രതിരോധ കുത്തിവെപ്പ് കേന്ദ്രത്തിലെത്തിച്ചതെന്ന് മാതാപിതാക്കളായ ബിനീഷും ലീലയും പറഞ്ഞു. ചുമയുണ്ടായിരുന്നതിനാൽ കുട്ടിയെ പരിശോധിച്ച വെള്ളമുണ്ട പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ കുത്തിവെപ്പെടുക്കാതെ മാനന്തവാടി മെഡിക്കൽ കോളേജിൽ കാണിക്കാൻ നിർദേശിച്ചു. ആശുപത്രിയിൽ കിടത്തിച്ചികിത്സിക്കണമെന്നും ഡോക്ടർ നിർദേശിച്ചു. ഇതനുസരിച്ച് രാത്രി എട്ടുമണിയോടെ കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചു. എന്നാൽ, മെഡിക്കൽ കോളേജിൽ കുഞ്ഞിനെ പരിശോധിച്ച ഡോക്ടർ മരുന്നു നൽകി വീട്ടിലേക്കയക്കുകയായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. പിറ്റേന്നു പുലർച്ചെ കുഞ്ഞ് മരിച്ചു.
വിഷയം വിവാദമായതോടെ പട്ടികവർഗ വികസനവകുപ്പധികൃതർ കുട്ടിയുടെ കുടുംബത്തിന് അടിയന്തരമായി 3000 രൂപയുടെ ചികിത്സാസഹായം കൈമാറി. അടുത്തദിവസം കോളനി സന്ദർശിച്ച് കൂടുതൽ സഹായമെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
Content Highlights: Tribal baby dies in Wayanad due to lack of treatment in Wayanad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..