തിരുവനന്തപുരം: മരംമുറി കേസില്‍ വിവരാവകാശ നിയമപ്രകാരം ഫയല്‍ കൊടുത്തതിന് സെക്രട്ടറിയേറ്റില്‍ കൂട്ട സ്ഥാനമാറ്റം. റവന്യൂ അഡീഷണല്‍ സെക്രട്ടറി ഗിരിജ കുമാരി, സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറും സെക്രട്ടറിയേറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ജെ. ബിന്‍സി എന്നിവര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. 

റവന്യൂ അഡീഷണല്‍ സെക്രട്ടറി ഗിരിജ കുമാരിയെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് സ്ഥാനം മാറ്റി. ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ സെക്രട്ടറിയായിരുന്ന ആര്‍. താരാദേവിയെ റവന്യൂ അഡീഷണല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റി. മരംമുറിയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ നീക്കം ക്രമവിരുദ്ധമാണെന്ന് ഫയലില്‍ രേഖപ്പെടുത്തിയത് ഗിരിജാ കുമാരിയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ എടുക്കുന്ന നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് നോട്ടെഴുതിയ ഉദ്യോഗസ്ഥയാണ് ഗിരിജാ കുമാരി. 

സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറും സെക്രട്ടറിയേറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ജെ. ബിന്‍സിയെ കാര്‍ഷിക കടാശ്വാസ കമ്മീഷനിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. വിവാദ മരംമുറിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിന്‍സി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ നോട്ടീസ് ഇറക്കുകയും ശക്തമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. 

റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സന്തോഷ് കുമാറിനെ തദ്ദേശ വകുപ്പിലേക്ക് മാറ്റിയിട്ടുണ്ട്. അണ്ടര്‍ സെക്രട്ടറി ശാലിനിയോട് അവധിയില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Content Highlights: Tree felling- transferres in kerala secretariat