ആലുവ: ആലുവ ജില്ലാ ആശുപത്രിക്ക് മുന്‍പില്‍ ചികിത്സ കിട്ടാതെ രോഗി ആംബുലന്‍സില്‍ കിടന്നു മരിച്ചു. ആലുവ പുളിഞ്ചുവട്ടിലെ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വിജയനാണ് മരിച്ചത്. 

കടുത്ത പനിയും അസ്വസ്ഥകളും ഉണ്ടായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 9.15-ഓടെയാണ് വിജയനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഗുരുതരാവസ്ഥയിലുളള രോഗിക്ക് പ്രാഥമിക ചികിത്സപോലും നല്‍കാന്‍ ആശുപത്രി ജീവനക്കാര്‍ കൂട്ടാക്കിയില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അടക്കമുള്ളവര്‍ ആരോപിക്കുന്നു. ഒരു മണിക്കൂറോളം രോഗിയെ ആംബുലന്‍സില്‍നിന്നു പുറത്തിറക്കിയില്ലെന്ന് വിജയനെ ആശുപത്രിയിലെത്തിച്ചവര്‍ പറഞ്ഞു. 

അതേസമയം 9.40-ഓടെ മാത്രമാണ് ആംബുലന്‍സ് ആശുപത്രിയിലെത്തിയതെന്നും കോവിഡ് വാര്‍ഡിന് മുന്നില്‍ എത്തിച്ചതിനാല്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനുള്ള കാലതാമസം മാത്രമാണ് നേരിട്ടതെന്നാണ് ആശുപത്രി ജീവനക്കാര്‍ പ്രതികരിച്ചത്. 

Content Highlights: Treatment delayed, Patient dies in ambulance at Aluva