ഇ.പി. ജയരാജൻ| File Photo: Mathrubhumi
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരേ ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. നടപടി പുനഃപരിശോധിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തില്‍ യാത്രക്കാര്‍ എന്ന നിലയില്‍ സഞ്ചരിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ പുറപ്പെട്ടപ്പോള്‍ തടയാന്‍ ശ്രമിച്ച എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി ജയരാജനെതിരേ ഇന്‍ഡിഗോ വിമാന കമ്പനി മൂന്ന് ആഴ്ചക്കാലം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ നടപടി പ്രതിഷേധാര്‍ഹമാണ്. വസ്തുതകള്‍ പൂര്‍ണമായും പരിശോധിക്കാതെ കൈക്കൊണ്ട തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇന്‍ഡിഗോ വിമാനത്തില്‍വെച്ച് മുഖ്യമന്ത്രിക്കെതിരായി നടന്ന പ്രതിഷേധവും അതിനേത്തുടര്‍ന്നുള്ള നടപടിയുമാണ് ജയരാജന്റെ വിമാന വിലക്കിലേക്ക് നയിച്ചത്. ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ തനിക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നിയമവിരുദ്ധമാണെന്ന് ജയരാജന് തനിക്കെതിരായ നടപടിയോട് പ്രതികരിച്ചിരുന്നു. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയില്ലെന്നും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..