തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം തേടുന്നു. 250 കോടിരൂപയാണ് ബോര്‍ഡ് സര്‍ക്കാരിനോട് സഹായമായി ആവശ്യപ്പെടുക. ശബരിമല വരുമാനത്തില്‍ വലിയ കുറവുവന്നതാണ് ബോര്‍ഡിന്റെ നീക്കത്തിന് പിന്നില്‍. ശബരിമല വരുമാനത്തില്‍ ഇത്തവണ 98 കോടിയുടെ കുറവ് വന്നതായാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍.  

പ്രളയത്തെ തുടര്‍ന്ന് മറ്റ് ക്ഷേത്രങ്ങളിലും 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായും ബോര്‍ഡ് പറയുന്നു. ശബരിമല വരുമാനത്തിലെ കുറവും, പ്രളയക്കെടുതിയിലെ നഷ്ടവും പരിഗണിച്ചാണ് 250 കോടിയുടെ സഹായം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് തേടാന്‍ ബോര്‍ഡ് തീരുമാനിച്ചത്. 

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന പ്രചാരണവും പ്രളയവും ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളെ ബാധിച്ചെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പറയുന്നത്. പ്രാഥമിക കണക്കുകൂട്ടലിലാണ് 250 കോടി എന്ന വിലയിരുത്തലുണ്ടായത്. ബജറ്റിന് മുമ്പ് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.  

വലിയൊരു തുകയാണ് ബോര്‍ഡിന് ആവശ്യമായി വരിക ഇത് നികത്താതിരുന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ അത് ബാധിക്കും. ഇത് മുന്നില്‍ കണ്ടാണ് ബജറ്റ് വിഹിതമായി 250 കോടിയോളം ആവശ്യപ്പെടാന്‍ ബോര്‍ഡ് ഒരുങ്ങുന്നത്.

Content Highlights: Travancore Devaswam Board Seeks Govt aid of 250 crore