കോഴിക്കോട്: ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ വലിയ ക്രമക്കേട് നടന്നതായുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഗതാഗതവകുപ്പ് ആരുമായും ഇത്തരത്തിലുള്ള ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇ-മൊബിലിറ്റി പോളിസി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ആ പോളിസിയുടെ ഭാഗമായി സര്‍ക്കാര്‍ ചില നടപടികള്‍ എടുത്തിട്ടുണ്ടാകും. അതു സംബന്ധിച്ച ഫയലുകള്‍ പരിശോധിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ. ഏതെങ്കിലും കാര്യത്തില്‍ മുഖ്യമന്ത്രി ആര്‍ക്കെങ്കിലും കരാര്‍ നല്‍കണമെന്ന് പറഞ്ഞിട്ടില്ല. കമ്പനിയുമായി അങ്ങനെയൊരു ധാരണയില്‍ എത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. അങ്ങനെയൊരു കരാര്‍ ഇല്ലെന്നാണ് തന്റെ ധാരണയെന്നും മന്ത്രി പറഞ്ഞു.
ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ വലിയ ക്രമക്കേട് നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. നിരവധി ആരോപണങ്ങളും നിയമനടപടികളും നേരിടുന്ന വിദേശ കമ്പനിക്ക് കരാര്‍ നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും ചെന്നിത്തല ആരോപിച്ചു.
4500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസുകള്‍ വാങ്ങുന്ന പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ എന്ന കമ്പനിയ്ക്കാണ്. നിരവധി പരാതികളും നിയമനടപടികളും നേരിടുന്ന കമ്പനിയാണിതെന്നും സെബി ഈ കമ്പനിയെ രണ്ടുവര്‍ഷത്തേയ്ക്ക് നിരോധിച്ചിട്ടുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരമൊരു കമ്പനിക്ക് കരാര്‍ നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
Content Highlights: transport department has not entered into any agreement with anyone- Minister A.K. Sasheendran