Photo: Facebook|Kerala Infrastructure Investment Fund Board
തിരുവനന്തപുരം: സംസ്ഥാന വികസനത്തിന്റെ വേഗത വര്‍ധിപ്പിച്ച് ട്രാന്‍സ്ഗ്രിഡ് 2.0 അതിന്റെ പൂര്‍ണതയിലേക്കെത്തുന്നു. സംസ്ഥാനത്തെ വൈദ്യുതി പ്രസരണ രംഗത്ത് വന്‍ മുന്നേറ്റമാണ് ട്രാന്‍സ് ഗ്രിഡിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുതോടെ ഉണ്ടാവുക.
വടക്കന്‍ കേരളത്തിലെ വോള്‍ട്ടേജ് ക്ഷാമം, ദിനേനയുള്ള 102 മെഗാവാട്ടിന്റെ പ്രസരണനഷ്ടം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാണ് ട്രാന്‍സ് ഗ്രിഡ് 2.0 പദ്ധതിയിലൂടെ സാധ്യമാക്കുന്നത്.
സംസ്ഥാനത്തിന്റെ ദൈനംദിന വൈദ്യുതി ഉപയോഗത്തിന്റെ ഏറിയ പങ്കും കേന്ദ്ര സര്‍ക്കാരിന്റെയും സ്വകാര്യ മേഖലയുടെയും ഉടമസ്ഥതയിലുള്ള വൈദ്യുതോല്‍പ്പാദന കേന്ദ്രങ്ങളെ ആശ്രയിച്ചാണ്.
എന്നാല്‍ തൃശൂര്‍ മാടക്കത്തറയിലുള്ള കേന്ദ്ര ലൈന്‍ വഴി എത്തുന്ന ഈ വൈദ്യുതി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തിക്കുന്ന പ്രസരണ സംവിധാനത്തിന്റെ ശേഷിക്കുറവ് പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. നിലവിലുള്ള 66 കെ.വി., 110 കെ.വി. ലൈനുകള്‍ വഴിയാണ് വിതരണം സാധ്യമായിരുന്നത്.
എന്നാല്‍ ഈ ലൈനുകളുടെ ശേഷിയില്ലായ്മ കാരണം ദിനംപ്രതി 102 മെഗാവാട്ട് വൈദ്യുതിയുടെ പ്രസരണനഷ്ടം ഉണ്ടാകുന്നുണ്ട്. ഇതിനും പുറമേ വടക്കന്‍ മലബാറിലെ കനത്ത വോള്‍ട്ടേജ് ക്ഷാമവും നിലവിലുള്ള പ്രസരണ സംവിധാനത്തിന്റെ അപര്യാപ്തത മൂലമാണ്.
ശേഷി കൂടിയ എച്ച്.വി.ഡി.സി. ലൈനുകള്‍ ഉള്‍ക്കൊള്ളുന്ന ബൃഹത്തായ ഒരു ട്രാന്‍സ്മിഷന്‍ ഗ്രിഡ് ആണ് ഇതിനു പരിഹാരം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ട്രാന്‍സ് ഗ്രിഡ് 2.0.
2016 സെപ്റ്റംബര്‍ 23ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗത്തിലാണ് 5200 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് അനുമതി നല്‍കിയത്.
രണ്ടു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് (കെ.എസ്.ഇ.ബി.എല്‍) ആണ് നടത്തിപ്പ് ചുമതലയുള്ള സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍(എസ്.പി.വി). ഇതില്‍ ഏതാണ്ട് 1500 കോടി രൂപ ചെലവ് വരുന്ന 10 പാക്കേജുകളുടെ നിര്‍മാണ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നത്.
ട്രാന്‍സ് ഗ്രിഡിന്റെ ആദ്യഘട്ടത്തില്‍ 2021 ഓടെ കൊച്ചി ലൈനുകള്‍, കോലത്തുനാട് ലൈനുകള്‍, വടക്കേ മലബാര്‍ ലൈനുകള്‍,തൃശ്ശിവപേരൂര്‍ ലൈന്‍ സ്‌ട്രെങ്തനിങ് ആദ്യഘട്ടം, ഉത്തര-ദക്ഷിണ ഇന്റര്‍ലിങ്ക്, കോട്ടയം ലൈനുകള്‍ എന്നിവ കമ്മീഷന്‍ ചെയ്യപ്പെടും.
വിജയകരമായി പൂര്‍ത്തിയാകുന്ന ആദ്യഘട്ടം
കേരളത്തിന്റെ ഭാവി വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിന് പര്യാപ്തമായ രീതിയില്‍ പ്രസരണ ശൃംഖല ശക്തിപ്പെടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് കിഫ്ബി ധനസഹായത്തോടെ കെ.എസ്.ഇ.ബി.എല്‍. നടപ്പാക്കുന്ന ട്രാന്‍സ് ഗ്രിഡ് 2.0 പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഒന്നാം ഘട്ടത്തിലെ പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയാവുകയോ പൂര്‍ത്തീകരണത്തിലേക്ക് അടുക്കുകയോ ചെയ്യുകയാണ്. ഉത്തര മലബാര്‍ മേഖലയുടെ പ്രസരണ ശൃംഖലയുടെ സമഗ്രവികസനത്തിനായി നിലവിലുള്ള ലൈനുകള്‍ നവീകരിച്ച് ശേഷി വര്‍ധിപ്പിക്കുകയും പുതിയ സബ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുകയുമാണ്.
ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ തലശേരിയില്‍ അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന 220 കെ.വി. ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന് തുടക്കമായി.
കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 66.44 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പദ്ധതിയുടെ ഔദ്യോഗിക ശിലാസ്ഥാപനം ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഓഗസ്റ്റ് (ചിങ്ങം ഒന്ന്) ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിച്ചു.
മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖലകളായ മഞ്ചേരി, നിലമ്പൂര്‍ മുനിസിപ്പാലിറ്റികളിലെയും മറ്റു 11 ഗ്രാമപഞ്ചായത്തുകളിലെയും വോള്‍ട്ടേജ് ക്ഷാമത്തിനും വൈദ്യുതി തടസത്തിനും പരിഹാരം കണ്ട്, ഗുണമേന്മയുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് തൃക്കലങ്ങോട് പഞ്ചായത്തില്‍ എളങ്കൂര്‍ ചെറാങ്കുത്തില്‍ ഒരു 220 കെ.വി. സബ് സ്റ്റേഷന്‍ വൈദ്യുതി ബോര്‍ഡ് വിഭാവന ചെയ്തത്.
36 കോടിരൂപ ചെലവില്‍ കിഫ്ബി സാമ്പത്തിക സഹായത്തോടെ ഈ പദ്ധതി ഇപ്പോള്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു. ജില്ലയിലെ ആദ്യ ഓട്ടോമാറ്റിക് സബ് സ്റ്റേഷന്‍ ആയ ഇതിന്റെ നിര്‍മാണം നിര്‍വഹിച്ചത് ബഹുരാഷ്ട്ര കമ്പനിയായ സീമെന്‍സ് ആണ്. കരാര്‍ പ്രകാരം ഈ വര്‍ഷം ജൂലൈയില്‍ മാത്രം തീര്‍ക്കേണ്ടിയിരുന്ന പദ്ധതി മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാക്കി പരീക്ഷണാര്‍ഥം പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.
കക്കയം-നല്ലളം-കൊയിലാണ്ടി എച്ച്.ടി.എല്‍.എസ്. ലൈനിന്റെ പൂര്‍ത്തീകരണത്തിന് പിന്നാലെയാണ് വന്‍കിട പദ്ധതിയായ മഞ്ചേരി 220 കെ.വി. സബ് സ്റ്റേഷന്റെ നിര്‍മാണവും പൂര്‍ത്തിയായത്. പുരോഗമിക്കുന്ന മഞ്ചേരി-നിലമ്പൂര്‍ 110 കെ.വി. ലൈന്‍ കൂടി പൂര്‍ത്തിയാകുന്നതോടെ മലപ്പുറം ജില്ലയിലെ വൈദ്യുതി വിതരണത്തിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.
അങ്ങനെ എളങ്കൂര്‍, അമ്പലത്തറ 220 കെ വി സബ് സ്റ്റേഷനുകള്‍,എട്ട് 110 കെ.വി. സബ്‌സ്റ്റേഷനുകള്‍, മൂന്ന് 33 കെ.വി. സബ് സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെ 13 സബ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും തലശേരി 220 കെ വി സബ് സ്റ്റേഷന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ 2020 ഓഗസ്റ്റ് 17 (ചിങ്ങം ഒന്ന ) തിങ്കളാഴ്ച വീഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിച്ചു.
content highlights: transgrid 2.0
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..