പ്രതീകാത്മക ചിത്രം | PTI
'' ഞങ്ങള്‍ക്ക് മാനസിക രോഗമാണെന്നാണ് അവര്‍ പറയുന്നത്. എല്‍.ജി.ബി.ടി.ഐ.ക്യൂ വിഭാഗങ്ങളില്‍പ്പെട്ട ഞങ്ങളെപ്പറ്റി എം.ബി.ബി.എസ് പഠിക്കുന്ന കുട്ടികളുടെ പാഠപുസ്തകങ്ങളില്‍ പറയുന്നത് ഇത്തരത്തിലാണ്.- ഞങ്ങള്‍ മാനസിക രോഗികളാണോ? കേരളത്തിലെ ലൈംഗികന്യൂനപക്ഷങ്ങള്‍ തങ്ങളുടെ അവകാശങ്ങളെപ്പറ്റി പറയുമ്പോഴും പോരാടുകയും ചെയ്യുമ്പോള്‍ ആരോഗ്യ രംഗത്ത് ഈ മാറ്റത്തിനു വേണ്ടി കോടതി കയറുകയാണ് ഇവര്‍.
ലൈംഗിക ന്യൂനപക്ഷങ്ങളെയും സ്വവര്‍ഗാനുരാഗികളെയും എം.ബി.ബി.എസു കാര്‍ക്കുള്ള പാഠപുസ്തകങ്ങളില്‍ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി എത്തിയതോടെയാണ് വിഷയം പൊതുജന ശ്രദ്ധയിലേക്ക് എത്തുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളുടേത് മാനസികമായ പ്രശ്നമാണെന്ന തരത്തില്‍ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നതായാണ് അവരുടെ ആരോപണം. മെഡിക്കല്‍ ടെക്സ്റ്റ് ബുക്കിലെ പരാമര്‍ശം തങ്ങളുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ലൈംഗിക ന്യൂനപക്ഷങ്ങളുടെ കൂട്ടായ്മയായ 'ക്വീര്‍റിഥം' എന്ന സംഘടനയാണ് കേരള ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.
രാജ്യത്തെ പരമോന്നതി നീതി പീഠം ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ അംഗീകരിച്ചതാണ്. അതിനെ തുടര്‍ന്ന് സ്വവര്‍ഗാനുരാഗം കുറ്റകൃത്യമല്ലാതായി. പക്ഷേ ഇന്നും മനുഷ്യശരീരത്തെ അടുത്ത അറിയുന്ന, ആണ്‍ പെണ്‍ ശരീരങ്ങള്‍ എന്ന് വേര്‍തിരിച്ച് പഠിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ലൈംഗിക ന്യൂനപക്ഷത്തില്‍പ്പെട്ടവരുടെ ശരീരത്തെക്കുറിച്ചോ ശാരീരിക മാറ്റങ്ങളെക്കുറിച്ചോ കൃത്യമായ ധാരണയില്ലെന്നു വേണം മനസിലാക്കാന്‍. മാനസിക രോഗമാണെന്നും ആണ്‍ വേശ്യയെന്നും പരാമര്‍ശിക്കുന്ന പുസ്തകങ്ങളെ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരേയും അവരുടെ ശാരീരിക മാനസിക പ്രശ്നങ്ങളേയും അറിയുന്നതും പാഠപുസ്തകം നല്‍കിയ അതേ കാഴ്ചപ്പാടോടുകൂടി തന്നെയാകും.
ഫോറന്‍സിക് മെഡിസിന്‍ ആന്‍ഡ് ടോക്സിക്കോളജി പ്രിന്‍സിപ്പള്‍സ് ആന്‍ഡ് പ്രാക്ടീസ്-വി കൃഷ്ണന്‍- അഞ്ചാം എഡിഷന്‍
ഫോറന്‍സിക് മെഡിസിന്‍ ആന്‍ഡ് ടോക്സിക്കോളജി ഫോര്‍ എം.ബി.ബി.എസ്- അനില്‍ അഗര്‍വാള്‍- ആദ്യ എഡിഷന്‍
ജി.എച്ച്.എ.ഐ, എസന്‍ഷ്യല്‍ പീഡിയാട്രിക്സ്
ഫോറന്‍സിക് മെഡിസിന്‍ ആന്‍ഡ് ടോക്സിക്കോളജി - പി.സി ഇഗ്‌നേഷ്യസ്
ഷോസ് ടെക്സ്റ്റ് ബുക്ക് ഓഫ് ഗൈനക്കോളജി
കരിക്കുലം ഓണ്‍ സൈക്ക്യാട്രി- തുടങ്ങിയ പുസ്തകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ക്വീര്‍റിഥം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ട്രാന്‍സ്ജെന്‍ഡേഴ്സ് എന്താണെന്ന് അറിയാത്തവരും, ടാന്‍സ്ഫോബിക് ആയ അധ്യാകരും ഉണ്ട്

ട്രാന്‍സ്ജെന്‍ഡേഴ്സിനെക്കുറിച്ചും ശസ്ത്രക്രിയക്ക് ശേഷമുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ഇപ്പോഴും മിക്ക ഡോക്ടര്‍മാര്‍ക്കും അറിയില്ലെന്ന് പറയുകയാണ് പൊതുജനാരോഗ്യ പ്രവര്‍ത്തകയായ ഡോ. ഷിംന അസീസ്.
ഞാന്‍ പഠിക്കുന്ന കാലത്ത് എസ്.ആര്‍.എസ് അടക്കമുള്ള ശസ്ത്രക്രിയകളെക്കുറിച്ച് വലിയ ധാരണയൊന്നും കിട്ടിയിട്ടില്ല. എം.ബി.ബി.എസ് പാഠ്യപദ്ധതിക്കകത്ത് ചെറിയൊരു തുടക്കം മാത്രമാണ് ഉണ്ടായിരുന്നത്. ട്രാന്‍സ്ജെന്‍ഡര്‍, ലസ്ബിയന്‍, ഗേ എന്താണെന്ന് പറഞ്ഞ് പോകുക മാത്രമാണ് ചെയിതിരുന്നത്. ആരോഗ്യ രംഗത്ത് ട്രാന്‍സ്ഫോബിക് ആയ അധ്യാപകരുണ്ട്. അവരാണ് നാളത്തെ ഡോക്ടര്‍മാരെ ഉണ്ടാക്കുന്നവര്‍. പാഠപുസ്തകത്തില്‍ എന്ത് തന്നെ ഉണ്ടെങ്കിലും അതിനെ മാറ്റി പറയാന്‍ പ്രാപ്തിയുള്ളവര്‍ ഉണ്ടെങ്കിലും അവര്‍ അത് പലപ്പോഴും ചെയ്യാറില്ല.
പൊതുവേ ട്രാന്‍സ്ജെന്‍ഡറായ വ്യക്തികള്‍ അവരുടെ ആരോഗ്യ പ്രശ്നങ്ങളുമായി ഡോക്ടര്‍മാരുടെയടുത്ത് പോകാന്‍ മടിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോഴും ഉള്ളത്. കൃത്യമായ ചികിത്സയും കൗണ്‍സിലിങും കൊടുക്കേണ്ട വിഭാഗമാണ് ട്രാന്‍സ്ജെന്‍ഡറുകള്‍. കാരണം ഏറ്റവും കൂടൂതല്‍ ലൈംഗിക പ്രശ്നങ്ങളും, ലൈംഗിക അതിക്രമങ്ങളും നേരിടുന്നവരാണ് ഇവര്‍. സമൂഹം ഒറ്റപ്പെടുത്തുകയും കളിയാക്കുകയും ജോലി പോലും ചെയ്ത് ജീവിക്കാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ അവഗണിക്കപ്പെടുന്നവരായിട്ട് പോലും അവര്‍ക്ക് കൃത്യമായി ആരോഗ്യ പരിരക്ഷ ലഭിക്കുന്നില്ല. എല്ലാ സമൂഹത്തിനിടയിലും ട്രാന്‍സ്ജെന്‍ഡേഴ്സ് ഉണ്ട്. പക്ഷേ പലപ്പോഴും അവര്‍ പുറത്ത് വരാത്തത് ഇത്തരത്തില്‍ സമൂഹം എങ്ങനെയാകും അവരെ വിധിയെഴുതുക എന്ന് ചിന്തിച്ച് കൂടിയാണ്.
ട്രാന്‍സ്ജെന്‍ഡറോ, ഹോമോസെക്ഷ്വലോ ആകുക എന്നത് ഏറ്റവും നോര്‍മലായ കാര്യങ്ങളാണ്. ഏറ്റവും ചെറിയ ക്ലാസുകളിലും മെഡിക്കല്‍ ഒന്നാം വര്‍ഷം മുതലും ഇവരെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കാന്‍ പാഠ്യപദ്ധതിയിലൂടെ കഴിയണം. കുട്ടികള്‍ക്ക് ട്രാന്‍സ് വ്യക്തികള്‍ക്ക് നേരെ ഒരു പോസിറ്റീവ് മെന്റാലിറ്റി ഉണ്ടാക്കാന്‍ ഇതിലൂടെ സാധിക്കണം. ഡോക്ടേഴ്സ് എന്നത് മനുഷ്യ ശരീരത്തിന്റെ കാര്യത്തില്‍ വിദഗ്ധരാണ്. ആ ഡോക്ടര്‍മാരും അവരെ വാര്‍ത്തെടുക്കുന്ന പാഠപുസ്തകങ്ങളും ടീച്ചര്‍മാരും മാറാന്‍ ഇത്തരമൊരു ഹര്‍ജി കാരണമാകുമെങ്കില്‍ അതാണ് ഏറ്റവം നല്ലത്. പാഠപുസ്തകങ്ങളിലും അല്ലാതെയും ഇനിയും ചര്‍ച്ചകളുണ്ടാകണം.
കോടതി അംഗീകരിക്കുമ്പോഴും ആരോഗ്യരംഗം അംഗീകരിക്കുന്നില്ല

ട്രാന്‍സ്ജെന്‍ഡറായ വ്യക്തികളെ നിയമപരമായി പരാമര്‍ശിച്ചുകൊണ്ട് 2014ലാണ് സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിക്കുന്നത്. പിന്നീട് 2019 സെപ്തംബറില്‍ 337ാം അനുച്ഛേദം ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവും വന്നു. ഇത്തരം കോടതി വിധികള്‍ വരുമ്പോള്‍ പോലും അതിനുള്ളില്‍ തന്നെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെല്ലാം ഇത്തരം മാറ്റങ്ങള്‍ വരണമെന്ന് പറയുന്നുണ്ട്. പക്ഷേ നമ്മുടെ പാഠ്യപദ്ധതിക്കുള്ളില്‍ ഇത്തരം നെഗറ്റീവ് ചിന്തകള്‍ പ്രചരിപ്പിക്കുന്ന തരം വിവരങ്ങളാണ് നല്‍കുന്നത്. ഇത്തരം നെഗറ്റീവ് ചിന്താഗതികളെ പറിച്ചെറിയേണ്ട സമയം കഴിഞ്ഞുവെന്ന് പറയുകയാണ് കേരള ടി ജി സെല്‍ സ്റ്റേറ്റ് പ്രോജക്ട് ഓഫീസറും ക്വീര്‍റിഥം സെക്രട്ടറി കൂടിയായ ശ്യാമ എസ് പ്രഭ.
ഫോറന്‍സിക് മെഡിസിന്‍ ആന്‍ഡ് ടോക്സിക്കോളജി എന്ന് പറഞ്ഞുള്ള പുസ്തകത്തില്‍ ട്രാന്‍സ് ആയിട്ടുള്ളവരെ ആണ്‍ വേശ്യ എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത്തരംകാര്യങ്ങളാണ് മെഡിക്കല്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്. ഇവരാണ് ഭാവിയില്‍ നമ്മുടെ ഡോക്ടര്‍മാരായി വരുന്നത്. ഹോമോസെക്ഷ്വാലിറ്റിയെല്ലാം വളരെ മോശമായ കാര്യങ്ങളായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇരുവരുടേയും സമ്മതത്തോടെ ജീവിക്കുന്നതെല്ലാം അവകാശമായി കോടതി പോലും അംഗീകരിക്കുമ്പോഴും മെഡിക്കല്‍ പാഠ്യപദ്ധതിയില്‍ മോശമായി ചിത്രീകരിക്കുകയാണ്. ഡോക്ടര്‍മാര്‍, അധ്യാപകര്‍, പോലീസ് എന്നിവരെല്ലാം സാമൂഹിക മാറ്റത്തിന് കൂട്ടായി പ്രവര്‍ത്തിക്കേണ്ടവരാണ്. പക്ഷേ അവരിലേക്ക് നെഗറ്റീവായ സന്ദേശം കൊടുത്ത് കഴിഞ്ഞാല്‍ അതിന്റെ പരിണിത ഫലം എന്തായിരിക്കുമെന്ന് നാം ചിന്തിക്കേണ്ടതുണ്ട്.
പാഠ പുസ്തകങ്ങളിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ച് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍, കേന്ദ്രസര്‍ക്കാര്‍, ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ബോര്‍ഡ്, കേരള യൂണിവേഴ്സിറ്റി ഹെല്‍ത്ത് സയന്‍സ്്, മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ എന്നിവരെല്ലാം ഇതില്‍ പ്രതി ചേര്‍ത്തുകൊണ്ടാണ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. നേരത്തെ ഇവര്‍ക്കെല്ലാം പലതവണ ഈ മെയില്‍ വഴി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് പരാതി അയച്ചിരുന്നു. എന്നാല്‍ അതില്‍ യാതൊരു ഫലവും ഇല്ലാതായതോടെയാണ് നേരിട്ട് കോടതിയെ തന്നെ സമീപിക്കാന്‍ തീരുമാനിച്ചതെന്നാണ് ക്വര്‍റിഥം അംഗങ്ങള്‍ പറയുന്നത്.
ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജിക്കാര്‍ നല്‍കിയിരിക്കുന്ന നിവേദനം പരിഗണിച്ച് തീരുമാനമെടുക്കാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മിഷനോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഏറ്റവും അടുത്ത് അറിയേണ്ടവരാണ് ഡോക്ടര്‍മാര്‍
ഒരു വല്ലായ്മ വന്നാല്‍ ഓടിപ്പോവുക ഡോക്ടര്‍മാരുടെ അടുത്തേക്കാണ്. അവിടെ ലിംഗമോ മതമോ ജാതിയോ നോക്കാറില്ല. ശസ്ത്രക്രിയയിലെ പിഴവുകളടക്കം ചൂണ്ടിക്കാണിച്ച് ആത്മഹത്യകളും ദുരിത ജീവിതവും പറഞ്ഞ് പല ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും ഇന്ന് സമൂഹത്തിന് മുന്നിലേക്ക് വരുമ്പോള്‍ ഡോക്ടര്‍മാരുടേയും ആരോഗ്യ രംഗത്തിന്റേയും വിശ്വാസ്യത കൂടി ചോദ്യം ചെയ്യപ്പെടുകയാണ്. ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് മാത്രമായി പ്രത്യേക ആശുപത്രി എന്ന ആവശ്യം ഉയര്‍ത്തുമ്പോള്‍ ഒരു പക്ഷേ ട്രാന്‍സ് സമൂഹം ആഗ്രഹിക്കുന്നത് അവരുടെ ശാരീരിക പ്രശ്നങ്ങള്‍ കൃത്യമായി മനസിലാകുന്ന അവരോട് മനസലിവ് കാണിക്കുന്ന ഡോക്ടര്‍മാര്‍ ഉണ്ടാവുക എന്നതുകൂടിയാകണം. ശസ്ത്രക്രിയക്ക് ശേഷമോ മറ്റോ വേദന സഹിക്കാനാകാതെ ഓടി ചെല്ലുമ്പോള്‍ വേദന മാറ്റാന്‍ കഴിയുന്ന ഡോക്ടര്‍ ഉണ്ടാകണം എന്നുകൂടിയാണ്. അതിനായി പാഠ്പദ്ധതിയിലെ മാറ്റം അനിവാര്യമാണ്. രാജ്യത്തെ പരമോന്നത നീതി പീഠത്തിന് മുന്നില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ഇന്ന് ടാന്‍സ്ജെന്‍ഡര്‍ സമൂഹം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..