കൊച്ചി:ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം. അനന്യ കുമാരിയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന സംശയം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെച്ചതായി ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശ്യാമ എസ്. പ്രഭ പറഞ്ഞു. ഇക്കാരണത്താലാണ് പോസ്റ്റുമോര്‍ട്ടത്തിന് വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും അവര്‍ പറഞ്ഞു. അനന്യയുടെ മരണത്തെ തുടര്‍ന്ന് കൊച്ചി റെനെ മെഡിസിറ്റിക്ക് മുന്നില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തുകൊണ്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. 

സംഭവം ഉണ്ടാകുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പുവരേയും അനന്യ സന്തോഷത്തോടെ തന്നെയാണ് എല്ലാവരോടും സംസാരിച്ചത്. അതിനുള്ളില്‍ എന്താണ് അനന്യക്ക് സംഭവിച്ചത് എന്നതിനേക്കുറിച്ച് കൃത്യമായ ധാരണയില്ല. അതിനുമുമ്പ് അനന്യക്കൊപ്പം ആളുകളുണ്ടായിരുന്നു. ഒരാള്‍ പുറത്ത് പോയി വന്ന സമയത്താണ് ഇങ്ങനെ ഒരു അവസ്ഥയില്‍ അനന്യയെ കാണുന്നത്. അതില്‍ പോലും ദുരൂഹതയുള്ളതായാണ് നേരില്‍ കണ്ട വ്യക്തികള്‍ പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഇന്‍ക്വസ്റ്റ് ഉള്‍പ്പെടുള്ള കാര്യങ്ങള്‍ നടത്തണമെന്നും പോസ്റ്റുമോര്‍ട്ടത്തിന് വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ശ്യാമ എസ്.പ്രഭ പറഞ്ഞു. 

അനന്യ ശുചിത്വം പാലിക്കാതെ, ലൈംഗിക തൊഴിലിന് പോയതിനാലാണ് ഇത്തരം ബുദ്ധിമുട്ട് ഉണ്ടായതെന്നാണ് ആശുപത്രി ആരോപിക്കുന്നത്. ഇത് കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ഒന്നടങ്കം അപമാനിക്കുന്ന പ്രസ്താവനയാണെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അവര്‍ പറഞ്ഞു. ആശുപത്രിയുടെ ഭാഗത്തുനിന്നും മോശം ഇടപെടലുണ്ടായെന്നും മര്‍ദ്ദിക്കുന്ന അവസ്ഥ ഉണ്ടായെന്നും അനന്യ അറിയിച്ചിരുന്നു. പാലാരിവട്ടം പോലീസില്‍ ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതിയും അനന്യ നല്‍കിയിരുന്നു. പക്ഷേ നടപടി സ്വീകരിച്ചതായി വിവരം ലഭിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു. 

ഇത്തരം ഒരു സര്‍ജറിക്കായി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരിക്കുന്ന ഒരു മാര്‍ഗനിര്‍ദേശമുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. വിവിധ വിഭാഗത്തിലെ ഡോക്ടര്‍മാരെ കണ്ട് ശീരിരികമായും മാനസികമായും സജ്ജമാണെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റോടെ ചെയ്യേണ്ട സര്‍ജറിയണിത്. അത്തരം ശസ്ത്രക്രിയകള്‍ നടക്കുന്ന സമയത്ത് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലക്കപ്പെടുന്നുണ്ടോ എന്നത് ഒരു ചോദ്യമാണ്. ശസ്ത്രക്രിയ നടക്കുന്നതിന് മുമ്പും പിമ്പും കൗണ്‍സലിങ് ഉള്‍പ്പെടുള്ളവ ലഭിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള കൗണ്‍സിലിങ് ലഭിച്ചിട്ടില്ലെന്നാണ് അനന്യ പറഞ്ഞത്. ശസ്ത്രക്രിയ നടക്കുന്ന നടക്കുന്ന ദിവസമാണ് ഡോക്ടര്‍ നേരില്‍ കാണുന്നത് പോലും. പിന്നീട് തുടര്‍ശസ്ത്രക്രിയ നടത്താന്‍ പണം അടക്കണം എന്നാണ് ഡോക്ടര്‍ ആവശ്യപ്പെട്ടതെന്നും അവര്‍ ആരോപിച്ചു.

Content Highlights: Transgender community alleges mystery on Anannyah's death