കണ്ണൂർ: കൊറോണക്കാലത്ത് തീവണ്ടികൾ ഓരോന്നായി പാളത്തിലിറങ്ങുന്നത് ഫംഗസും ബാക്ടീരിയയും വൈറസും ഉയർത്തുന്ന വെല്ലുവിളികൾ മറികടന്ന്. തീവണ്ടികളിലെ സീറ്റിൽ പറ്റിപ്പിടിച്ച ഫംഗസ്‌ നശിപ്പിച്ചും ബയോശൗചാലയ ടാങ്കിൽ പുതിയ ബാക്ടീരിയ ലായനി (ഇവാക്കുലം) ഒഴിച്ചും കൊറോണ വൈറസ് വിമുക്തമാക്കിയുമാണ് ഓരോ കോച്ചും യാത്രയ്ക്കൊരുക്കുന്നത്. മംഗളൂരു, ഷൊർണൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ അറ്റകുറ്റപ്പണി ഡിപ്പോകളിലാണ് ഇത്‌ ചെയ്യുന്നത്.

കേരളത്തിലോടുന്ന തീവണ്ടികളിലെ 2584 കോച്ചിലും ബയോ ടോയ്‌ലറ്റാണ്. ജനറൽ, സ്ലീപ്പർ, എ.സി. കോച്ചുകളിലെ ശൗചാലയങ്ങളിൽ മാലിന്യം പാളത്തിൽ വീഴാതെ ആഹാരമാക്കുന്ന അനാറോബിക് ബാക്ടീരിയകളെ നിറയ്ക്കും. മാസങ്ങളായി ഉപയോഗിക്കാത്തതിനാൽ ടാങ്ക് ചേംബറിൽ ആഹാരം കിട്ടാതെ ബാക്ടീരിയകൾ ഭൂരിഭാഗവും നശിച്ചിട്ടുണ്ടാവും. അതിനാൽ പുതിയ ബാക്ടീരിയലായനി നിറയ്ക്കാൻ റെയിൽവേയുടെ നിർദേശമുണ്ട്. മംഗളൂരു ഡിപ്പോയിൽ 50,000 ലിറ്റർ ലായനിയാണ് നാഗ്പൂരിൽനിന്ന് എത്തിച്ചത്. ഒരുകോച്ചിലുള്ള നാല് ടാങ്കിൽ 100 ലിറ്റർ വീതം നിറച്ചു. മംഗളൂരുവിൽ 1500-ഓളം ബയോടോയ്‍ലറ്റിന്റെ പരിചരണം നടക്കുന്നുണ്ട്.

വെള്ളവും ഓക്സിജനും ആവശ്യമില്ലാത്ത ബാക്ടീരിയകളെ ചാണകലായനിയിൽനിന്നാണ് ടാങ്കുകളിലേക്ക് നിറയ്ക്കുന്നത്. മനുഷ്യവിസർജം തിന്നുന്ന ഇവ വെള്ളം, മീഥെയ്ൻ, കാർബൺ ഡയോക്സൈഡ് എന്നിവയാണ് അവസാനം പുറംതള്ളുന്നത്. സീറ്റിൽ പറ്റിപ്പിടിച്ച ഫംഗസിനെ തുരത്തുകയെന്നതാണ് എൻജിനീയറിങ് വിഭാഗത്തിന്റെ മറ്റൊരു പ്രധാന ദൗത്യം. സോപ്പുലായനി ഒഴിച്ച് കഴുകിയാൽ പോകില്ല. അതിന് പ്രത്യേക രാസലായനിയാണ് ഉപയോഗിക്കുന്നത്.

കൈകഴുകിയാൽ രണ്ടുണ്ട് കാര്യം

തീവണ്ടിയിൽ യാത്രചെയ്യുന്നവർ വ്യക്തിശുചിത്വം പാലിച്ചാൽ വൈറസിനെ അകറ്റാം. ശൗചാലയത്തിൽ പോകുന്നവർ കൈ വൃത്തിയായി സോപ്പിട്ട് കഴുകണം. അനറോബിക് ബാക്ടീരിയകൾ ഉപദ്രവകാരിയല്ലെന്ന് മൈക്രോബയോളജിസ്റ്റും ജലഗവേഷകയുമായ ഡോ. പി.യു.മേഘ പറയുന്നു. എന്നാൽ അവ മനുഷ്യശരീരത്തിൽ എത്താതെ സൂക്ഷിക്കണം. കൈകൾ വൃത്തിയായി സൂക്ഷിക്കണം. യാത്രക്കാർ വിചാരിച്ചാൽ ബയോടോയ്‌ലറ്റിനെ എപ്പോഴും സുരക്ഷിതമായി നിലനിർത്താം.

 

Content Highlights: Trains run germ free