കോയമ്പത്തൂര്‍: പാലക്കാട് കോയമ്പത്തൂര്‍ തീവണ്ടി പാതയില്‍ തീവണ്ടിതട്ടി മൂന്ന് കാട്ടാനകള്‍ ചരിഞ്ഞു. വാളയാറിനും എട്ടിമടയ്ക്കും ഇടയിലുള്ള തങ്കവേല്‍ കാട്ടുമൂല എന്ന സ്ഥലത്താണ് ആനകളെ തീവണ്ടി തട്ടിയത്. രാത്രി 9.05 ഓടെ എത്തിയ 12602 മംഗലാപുരം ചെന്നൈ മെയില്‍ ആണ് അപകടത്തിനിടയാക്കിയത്. ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയും മറ്റ് രണ്ട് ചെറിയ പിടിയാനകളും ആണ് ട്രാക്ക് കടക്കാന്‍ നോക്കിയത്.

വാളയാര്‍ ദേശീയ പാതയ്ക്ക് സമാന്തരമായി കടന്നുപോകുന്ന എ ലൈന്‍ ട്രാക്കിലാണ് അപകടം. സാധാരണ കാട്ടാനകള്‍ എ ലൈനിനും ബി ലൈനിനും ഇടയില്‍ മുറിച്ച് കടക്കാറുള്ള മേഖലയാണ്. ഒരാന ട്രാക്കിലും മറ്റ് രണ്ടും ട്രാക്കിന് വശത്തും ആയാണ് വീണത്. സംഭവം സമയത്ത് തന്നെ ആനകള്‍ ചരിഞ്ഞിരുന്നു. സംഭവസ്ഥലത്തേക്ക് രാത്രിയോടെ മധുക്കര റേഞ്ചറും സംഘവും എത്തി.

തീവണ്ടി അപകടം നടന്നതിനെ തുടര്‍ന്ന്  ചെന്നൈയിലേക്ക് പോകേണ്ട തീവണ്ടി സംഭവസ്ഥലത്തുതന്നെ പിടിച്ചിട്ടു. രാത്രിയോടെ ഫോറസ്റ്റ് അധികൃതര്‍ എത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ട്രാക്കില്‍ ഉള്ള ആനയുടെ ജഡം മാറ്റിയശേഷം മാത്രമാണ് എ ലൈനില്‍ കൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കുക. അതുവരെ ബി ലൈനില്‍ കൂടി കോയമ്പത്തൂര്‍ ഭാഗത്തേക്കുള്ള തീവണ്ടികള്‍ കടത്തിവിടുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് പോകുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് അതുവരെ പോത്തന്നൂര്‍ സ്റ്റേഷനില്‍ പിടിച്ചിടും.

Content Highlights: train ran over three elephants at coimbatore