യൂത്ത് കോൺഗ്രസ് നടത്തിയ ട്രെയിൻ തടയൽ സമരം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്യുന്നതിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു. രാജധാനി എക്സ്പ്രസ്, ചെന്നെ മെയില്‍ എന്നിവ തടഞ്ഞായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം. ഷാഫി പറമ്പില്‍ അടക്കം 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
റെയില്‍വേ സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് പ്രതിഷേധിച്ചു. പോലീസ് എത്തി പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും അവര്‍ പിന്തിരിഞ്ഞില്ല. പ്രതിഷേധം തുടരുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. രാജ്യത്തെ ജനാധിപത്യ മര്യാദകളേയും നിയമവ്യവസ്ഥയേയും ആര്‍എസ്എസ് കളിപ്പാട്ടമാക്കിയതിന്റെ തെളിവാണ് ഇന്ന് രാജ്യത്ത് കാണുന്നതെന്ന് ഷാഫി പറഞ്ഞു. ഒരു രൂപയുടെ സാമ്പത്തിക ഇടപാടുപോലുമില്ലാത്ത കേസിലാണ് ഇ.ഡിയുടെ ചോദ്യംചെയ്യല്‍ നാടകം. കോണ്‍ഗ്രസിനോടുള്ള പകയാണ് ഇതിന് പിന്നിലെന്നും ഷാഫി ആരോപിച്ചു.
ബിജെപിയുടെ നേതാക്കളുമായി ബന്ധപ്പെട്ട കേസുകളാണെങ്കില്‍ ഇ.ഡിക്ക് ചോദ്യംചെയ്യലും അറസ്റ്റും ഒന്നും തന്നെയില്ല. കോണ്‍ഗ്രസ് അല്ലാതെ മറ്റേതൊരു കക്ഷിയുമായി ബന്ധപ്പെട്ട കേസാണെങ്കിലും ഇതാണ് നിലപാടെന്ന് കേരളത്തില്‍ നടന്ന സംഭവങ്ങള്‍ നോക്കിയാല്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡി ആര്‍എസ്എസിന്റെ പോഷക സംഘടനയാണെന്നും ഷാഫി പറഞ്ഞു. ബിജെപിയും ആര്‍എസ്എസും ഇ.ഡിയും ഇപ്പോള്‍ തൊട്ടിരിക്കുന്നത് തീക്കൊള്ളിയിലാണെന്നും അതിന്റെ ഫലം അവര്‍ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂത്ത് കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് ട്രെയിന്‍ തടയല്‍ സമരം നടത്തിയത്. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്. എംപിമാര്‍ ഉള്‍പ്പെടെ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
സമരം മൂലം ഒരു ട്രയിനിന്റെയും സമയക്രമത്തില്‍ മാറ്റമില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. സമരം ചെയ്തവർക്കെതിരേ റെയില്‍വേ നിയമപ്രകാരം കേസെടുക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..