Photo: ANI
ഭൂവനേശ്വര്‍: ഒഡിഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 207 പേര്‍ മരിച്ചു. ചീഫ് സെക്രട്ടറി പി.കെ ജെനയെ ഉദ്ധരിച്ച് പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപകടത്തില്‍ 900-ത്തില്‍ എറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകട സ്ഥലത്തു നിന്ന് 120-ലേറേ മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് ഒഡിഷ ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സുധാന്‍ഷു സാരംഗി എഎന്‍ഐയോട് പ്രതികരിച്ചു. അടുത്തിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അകകടമാണിത്. ഒഡിഷയില്‍ ശനിയാഴ്ച ഔദ്യോഗിക ദുഃഖാചരണത്തിന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആഹ്വാനം ചെയ്തു.
ബാലസോര്‍ ജില്ലയിലെ ബഹനാഗയിലാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിക്ക് ശേഷമായിരുന്നു അപകടം. പരിക്കേറ്റവരില്‍ നാല് മലയാളികളുണ്ട്. തൃശൂര്‍ സ്വദേശികളായ ഇവരുടെ പരിക്ക് ഗുരുതരമല്ല.
ഒഡിഷ ട്രെയിന്‍ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറോമണ്ഡല്‍ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ - ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്.
ബെംഗളൂരുവില്‍നിന്ന് കൊല്‍ക്കത്തയിലേക്കു പോവുകയായിരുന്ന യശ്വന്ത്പുര്‍-ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ബഹനാഗ ബസാര്‍ സ്റ്റേഷന് സമീപം പാളംതെറ്റി മറിഞ്ഞാണ് ആദ്യ അപകടമുണ്ടാകുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ട്രെയിനിന്റെ പത്തിലേറെ കോച്ചുകള്‍ പാളംതെറ്റി മറിഞ്ഞു. ഈ കോച്ചുകളിലേക്ക് അടുത്ത ട്രാക്കിലൂടെ എത്തിയ കോറോമണ്ഡല്‍ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാളം തെറ്റിയ കോറമണ്ഡല്‍ എക്‌സ്പ്രസ് ഇതിനു ശേഷം തൊട്ടടുത്ത ട്രാക്കിലെ ഒരു ഗുഡ്‌സ് ട്രെയിനിലും ഇടിച്ചുമറിഞ്ഞു. പാളംതെറ്റിയും കൂട്ടിയിടിച്ചും മറിഞ്ഞ കോച്ചുകള്‍ക്കുള്ളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ഇരു ട്രെയിനിലെയുമായി 17-ഓളം ബോഗികളാണ് പാളം തെറ്റി മറിഞ്ഞത്.
അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലുള്ള 38-ഓളം ട്രെയിനുകള്‍ ഇതുവരെ റദ്ദാക്കിയിട്ടുണ്ട്. 40-ഓളം ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം രാത്രി വൈകിയും പുരോഗമിക്കുകയാണ്. പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരിക്കുള്ളവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു.
Updating ...
Content Highlights: train accident odisha-Coromandel Express
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..