കോഴിക്കോട്: കുറ്റ്യാടി ചുരം റോഡില്‍ ലോറി നിയന്ത്രണം വിട്ട് അപകടം. വാഹനത്തിനുള്ളില്‍ കുടങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. ചുരം റോഡില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. താമരശ്ശേരി ചുരത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വലിയ വാഹനങ്ങളെല്ലാം കുറ്റ്യാടി ചുരം വഴിയാണ് കടന്നുപോകുന്നത്. ഇത് ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു.
ലോറി നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പിന്നാലെ മറ്റൊരു ലോറി വന്ന് അപകടത്തില്‍ പെട്ട ലോറിയല്‍ ഇടിക്കുകയായിരുന്നു. ഇതോടെ ഗതാഗതം പൂര്‍ണമായും താറുമാറായി. പുലര്‍ച്ചെ നാല് മണി മുതല്‍ റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
താമരശ്ശേരി ചുരത്തില്‍ രണ്ടാഴ്ചയായി അറ്റകുറ്റപ്പണി നടക്കുകയാണ്. അറ്റകുറ്റപ്പണിക്കിടെ രണ്ട് തവണ മണ്ണിടിഞ്ഞു. തുടര്‍ന്ന് എല്ലാ ഭാരവാഹനങ്ങളും കുറ്റ്യാടി ചുരം വഴി കടന്നുപോകണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെയാണ് കൂടുതല്‍ വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴി പോകാന്‍ ആരംഭിച്ചത്. പൂര്‍ണമായും കുറ്റ്യാടി ചുരത്തെ ആശ്രയിച്ചാണ് അന്തര്‍ സംസ്ഥാന പാതയില്‍ ഇപ്പോള്‍ ഗതാഗതം നടന്നുകൊണ്ടിരിക്കുന്നത്. പോലീസും നാട്ടുകാരും ചേര്‍ന്ന് ഗതാഗതക്കുരുക്കഴിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Content Highlight: Traffic jam in kuttiadi churam