തിരുവനന്തപുരം: കോടതി പരാമര്‍ശങ്ങളുടെ പേരില്‍ മാത്രം തോമസ് ചാണ്ടി രാജി വയ്‌ക്കേണ്ട കാര്യമില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ മാസ്റ്റര്‍. കേസ് പരിഗണിക്കുമ്പോള്‍ പല അഭിപ്രായങ്ങളും കോടതി പറയാറുണ്ട്. അതിന് കോടതിക്ക് സ്വാതന്ത്ര്യമുണ്ട്. കോടതി വിധി വരുമ്പോള്‍ രാജിക്കാര്യം സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ചാണ്ടി വിഷയത്തിന്റെ പേരില്‍ സര്‍ക്കാരിന് പ്രതിഛായ നഷ്ടപ്പെട്ടിട്ടില്ല. മന്ത്രിസ്ഥാനത്ത് തോമസ് ചാണ്ടി കടിച്ചുതൂങ്ങുകയാണെന്നത് മാധ്യമസൃഷ്ടിയാണ്. അദ്ദേഹം രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ല. കാര്യങ്ങള്‍ പഠിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കും. എന്‍സിപിയുടെ അഭിപ്രായം അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

ഇന്ന് ചേരുന്ന എന്‍സിപി സംസ്ഥാന എക്‌സിക്യൂട്ടീവില്‍ രാജിക്കാര്യം ചര്‍ച്ചയാവില്ല. എന്‍സിപി ഒരു ദേശീയ പാര്‍ട്ടിയാണ്. അത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ദേശീയനേതൃത്വത്തിലുള്ള അതിന് ചുമതലപ്പെട്ടവരാണ്. സമയമാവുമ്പോള്‍ അവര്‍ തീരുമാനമെടുക്കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.