തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കെ.കെ രമയും മുഖ്യമന്ത്രിയും തമ്മില്‍ നിയമസഭയില്‍ വാദപ്രതിവാദം. കേസിലെ പ്രതികള്‍ക്ക് പോലീസിന്റെ ഭാഗത്തുനിന്ന് സഹായം കിട്ടിയിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടിയുണ്ടോയെന്നും വടകര എംഎല്‍എയും ടി.പിയുടെ ഭാര്യയുമായ രമ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രിയോട് ചോദിച്ചു.

എന്നാല്‍ ടിപി കേസ് അന്വേഷിച്ചത് ആരാണെന്ന് അംഗത്തിന് അറിയാമല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. യുഡിഎഫുകാര്‍ കഴിയാവുന്ന തരത്തിലെല്ലാം അന്വേഷണം നടത്തിയ കേസാണിത്. ഈ അന്വേഷണത്തില്‍ വീഴ്ചയുണ്ടോ എന്നാണോ അംഗം ഉദ്ദേശിച്ചതെന്നും മുഖ്യമന്ത്രി മറുചോദ്യം ഉന്നയിച്ചു. 

മുഖ്യമന്ത്രിയുടെ മറുപടി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഏറ്റെടുത്തതോടെ മറ്റൊരു വാദപ്രതിവാദത്തിനും സഭ വേദിയായി. ടിപി കേസ് അന്വേഷണം ഏറെക്കുറേ കൃത്യമായിരുന്നുവെന്ന് മുഖ്യമന്ത്രി അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഇത് അഭിനന്ദനാര്‍ഹമാണെന്നും തിരുവഞ്ചൂര്‍ സഭയില്‍ പറഞ്ഞു. 

സംഘടിത കുറ്റകൃത്യം തടയാനുള്ള നിയമനിര്‍മാണത്തിനുള്ള നീക്കം വിവാദമാകുകയും ഇത് ചീഫ് സെക്രട്ടറി തലത്തിലുള്ള സമിതി പരിശോധിക്കുകയുമാണ്. ഇതുമായി ബന്ധപ്പെട്ട ചോദ്യമാണ് കെകെ രമ ഉന്നയിച്ചത്. 

പല സംഘടിത കുറ്റകൃത്യങ്ങളിലും ഡിജിപി തലംവരെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുറ്റവാളികളുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ടിപി വധക്കേസ് പ്രതികളെ സംരക്ഷിക്കുന്നതിനും ഇവര്‍ക്ക് മറ്റു കുറ്റകൃത്യങ്ങളില്‍ സഹായം എത്തിക്കുന്നതിനും പോലീസ് സേനയിലെ പലരും ഉള്‍പ്പെട്ടിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതികള്‍ക്കും ഇത്തരം നിയമവിരുദ്ധ സഹായം ലഭിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ തടയാനും അന്വേഷണത്തിനും നിയമങ്ങള്‍ നിലവിലുണ്ടായിട്ടും അവ ഉപയോഗപ്പെടുത്തുന്നതില്‍ ആഭ്യന്തര വകുപ്പിനുണ്ടായ പരാജയമാണോ ഇത്തരമൊരു ജനവിരുദ്ധ നിയമത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നും രമ ചോദിച്ചു.