തിരുവനന്തപുരം: ടിപിവധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ പികെ കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം. 70 വയസ്സ് തികഞ്ഞെന്ന കാരണം കാണിച്ചാണ് കുഞ്ഞനന്തനെ ജയില്‍ മോചിതനാക്കാന്‍ നീക്കം നടത്തുന്നത്. 

ടിപി വധക്കേസിലെ 13ാം പ്രതിയും സിപിഎം പാനൂര്‍ ഏരിയ കമ്മറ്റി അംഗവുമായിരുന്നു കുഞ്ഞനന്തന്‍. 70 വയസ്സ് തികഞ്ഞെന്ന കാരണം പറഞ്ഞ് ഇയാളെ ജയില്‍ മോചിതനാക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഇളവ് നല്‍കണമെങ്കില്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയില്‍വകുപ്പ് മോചിതനാക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ജയില്‍ അഡൈ്വസറി ബോര്‍ഡിന് നിര്‍ദേശം നല്‍കുന്നത്.

ഇതിന്റെ ഭാഗമായി കൊളവല്ലൂര്‍ സ്റ്റേഷനിലെ എസ്‌ഐ ടിപിയുടെ ഭാര്യ കെ.കെരമയുടെ മൊഴിയെടുത്തു. കണ്ണൂര്‍ എസ്പിയായിരിക്കും ഇതു സംബന്ധിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുക. 

ഒരു കാരണവശാലും കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കുന്നത് അനുവദിക്കല്ലെന്നാണ് കെകെരമയുടെ നിലപാട്. ശിക്ഷായിളവ് നല്‍കാന്‍ തീരുമാനമുണ്ടായാല്‍ നിയമപരമായി നേരിടുമെന്ന് രമ അറിയിച്ചു.

ടിപികേസിലെ പ്രതികള്‍ക്ക് വഴിവിട്ട പരോളുകള്‍ നല്‍കുന്നത് മുമ്പ് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞനന്തന് ഇളവ് നല്‍കാനുള്ള തീരുമാനം.