തിരുവനന്തപുരം: ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ അഞ്ച് പോലീസുകാരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ആറ് പോലീസ് ഉദ്യോഗസ്ഥരായിരുന്നു കേസിലെ പ്രതികള്‍. പ്രതികളില്‍ ഒരാള്‍ വിചാരണക്കിടെ മരിച്ചു. നിഷ്ഠൂരമായ കൊലപാതകം നടന്ന് 13 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
2005 സെപ്റ്റംബര്‍ 27-നാണ് ഫോര്‍ട്ട് പോലീസ് സി.ഐ. ഇ.കെ.സാബുവിന്റെ ക്രൈംസ്ക്വാഡ് ഉദയകുമാറിനെ പിടികൂടിയത്. ഉദയകുമാറിന്റെ കൈവശം ഉണ്ടായിരുന്ന പണത്തെചൊല്ലിയുള്ള ചോദ്യം ചെയ്യലിനെത്തുടര്‍ന്നായിരുന്നു കൊല. പോലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്, എസ്.ഐ. ടി.അജിത്കുമാര്‍, സി.ഐ. ഇ.കെ.സാബു, എ.സി. ടി.കെ.ഹരിദാസ് എന്നിവരായിരുന്നു പ്രതികള്‍.
പ്രതിയായ സോമന് ഇതിനിടയില്‍ മരണപ്പെട്ടു. ഒന്നും രണ്ടും പ്രതികളായ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരായ കൊലക്കുറ്റം തെളിഞ്ഞു.
Read More: കേസിലെ പ്രതികളും സാക്ഷികളും പോലീസുകാര്‍: വിധി പറയാന്‍ നീണ്ട 13 വര്‍ഷങ്ങള്‍!
2016 ഒക്ടോബറിലാണ് വിചാരണ ആരംഭിച്ചത്. ആറ് പോലീസ് ഉദ്യോഗസ്ഥരാണ് പ്രതികള്‍. സി.ബി.ഐ. അന്വേഷണം നടത്തിയശേഷം ഉദയകുമാറിനെ കൊലപ്പെടുത്തിയതിനും തെളിവ് നശിപ്പിച്ചതിനും വ്യാജരേഖകള്‍ ചമച്ചതിനുമായി രണ്ട് കേസുകള്‍ എടുത്തു.
രണ്ട് കേസുകളും കോടതി ഒരുമിച്ചാണ് വിചാരണ ചെയ്തത്. വിചാരണ ഒരുമിച്ച് നടത്തുന്നത് തടയാന്‍ ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.
വിചാരണയ്ക്കിടെ മാപ്പുസാക്ഷികളടക്കം ഏഴ് സാക്ഷികള്‍ കൂറുമാറി. കൊല്ലപ്പെട്ട ഉദയകുമാറിനൊപ്പം പിടിയിലായ സുഹൃത്ത് മണി എന്ന സുരേഷ്കുമാറും കൂറുമാറിയിരുന്നു. പോലീസുകാരനല്ലാത്ത ഏക നിര്‍ണായക സാക്ഷിയായിരുന്നു സുരേഷ്കുമാര്‍.
Read More: ഉദയകുമാര്‍ ഉരുട്ടിക്കൊല: കേസില്‍ വഴിത്തിരിവുണ്ടാക്കിയത് സി.ബി.ഐ
ജില്ലാകോടതിയില്‍ നടന്ന ആദ്യഘട്ട വിചാരണയിലും സുരേഷ് കൂറുമാറിയിരുന്നു. സുരേഷിന്റെ ചാഞ്ചാട്ടം മുന്നില്‍ക്കണ്ട് സി.ബി.ഐ. സുരേഷ്കുമാറിനെ തെളിവ് നശിപ്പിച്ചകേസില്‍ പ്രതിയാക്കി. എന്നാല്‍, ഇയാളുടെ ആവശ്യപ്രകാരം കോടതി മാപ്പുസാക്ഷി ആക്കുകയും ചെയ്തു. കേസിനെ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താം എന്ന ഉറപ്പിലാണ് ഇയാള്‍ മാപ്പുസാക്ഷി ആയത്. വിചാരണയില്‍ ഇതിനു വിരുദ്ധമായാണ് സുരേഷ് പ്രവര്‍ത്തിച്ചത്. അക്കാരണത്താല്‍ തന്നെ ഇയാള്‍ വീണ്ടും പ്രതിയായി വിചാരണ നേരിടേണ്ടിവരും.
നിര്‍ണായക വ്യാജരേഖയായ എഫ്.ഐ.ആര്. ഉണ്ടാക്കിയത് തങ്ങളല്ലെന്ന് കേസില്‍ പ്രതികളായ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. ഉദയകുമാര്‍ കൊല്ലപ്പെട്ട ശേഷം ഉദയകുമാറിനെ പ്രതിയാക്കിയാണ് വ്യാജ എഫ്.ഐ.ആര്. ഉണ്ടാക്കിയത്.
ഉദയകുമാറിനെ ഉരുട്ടിക്കൊന്നകേസില് വഴിത്തിരിവായത് സി.ബി.ഐയുടെ വരവായിരുന്നു. ആദ്യം പോലീസ് അന്വേഷിച്ചകേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി.അവസാനഘട്ടത്തിലാണ് അന്വേഷണം സി.ബി.ഐ.ക്ക് കൈമാറിയത്. തെളിവ് നശിപ്പിച്ചതിനും എഫ്.ഐ.ആര്.മാറ്റി മറിച്ചതിനും പോലീസുകാര്‍ തന്നെ പ്രതികളായ അത്യപൂര്‍വ്വമായ കേസുകൂടിയാണിത്.
Read More: "രാത്രികളില്‍ ഇന്നും കേള്‍ക്കാം അവന്റെ കരച്ചില്": ഉദയകുമാറിന്റെ അമ്മ