
അടിമാലി (അടിമാലി): കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഭാഗമായ മുതിരപ്പുഴയാറില്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നതോടെ പുഴയുടെ നടുവിലെ പാറയില്‍ രണ്ട് വിനോദസഞ്ചാരികള്‍ കുടുങ്ങി. ഇവരെ ഓട്ടോറിക്ഷാഡ്രൈവര്‍മാര്‍ സാഹസികമായി രക്ഷിച്ചു.
മുംബൈ, തിരുവനന്തപുരം സ്വദേശികളായ സഞ്ചാരികള്‍ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഈസമയം അണക്കെട്ട് തുറന്നതോടെ വെള്ളം ഉയര്‍ന്നു. ഇവര്‍ പുഴയ്ക്ക് നടുവിലെ പാറയില്‍ കയറിനിന്നു.
വ്യാഴാഴ്ച രാവിലെ ഒന്‍പതോടെ കല്ലാര്‍കൂട്ടിക്കും-പനങ്കുട്ടിക്കും ഇടയിലുള്ള പൊളിഞ്ഞപാലത്തായിരുന്നു സംഭവം. രാവിലെ മുതല്‍ മേഖലയില്‍ മഴയുണ്ടായിരുന്നു. നീരൊഴുക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ അരയടി ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കി. ഈ വിവരം അറിയാതെയാണ് യുവാക്കള്‍ പൊളിഞ്ഞപാലത്ത് പുഴയില്‍ ഇറങ്ങിയത്.
അണക്കെട്ടില്‍നിന്ന് അരക്കിലോമീറ്റര്‍ താഴെയാണ് ഇവര്‍ ഇറങ്ങിയത്. ഒന്‍പത് മണിയോടെയാണ് ഇവര്‍ കുളിക്കുന്ന സ്ഥലത്തേക്ക് വലിയ അളവില്‍ വെള്ളം എത്തിയത്. ഇവര്‍ ബഹളംവെച്ചതോടെ പ്രദേശവാസിയായ ജോണ്‍ ആന്റണിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇദ്ദേഹം കല്ലാര്‍കുട്ടി ടൗണിലെ ഓട്ടോറിക്ഷഡ്രൈവര്‍ പുഷ്പനെ വിവരമറിയിച്ചു. പുഷ്പന് കല്ലാര്‍കുട്ടി അണക്കെട്ടിലെത്തി വിവരം അറിയിച്ചു. അണക്കെട്ടിന്റെ ഷട്ടര്‍ ഉടന്‍ അടച്ചു.
പുഷ്പന് സുഹൃത്തുക്കളായ ബിനു, സബീര്‍ എന്നിവരെ കൂട്ടി വീണ്ടും പൊളിഞ്ഞപാലത്ത് എത്തി. ഷട്ടര്‍ അടച്ചെങ്കിലും പുഴയില്‍ വെള്ളം ഉയര്‍ന്നുതന്നെ ആയിരുന്നു. ഇതോടെ ഓട്ടോഡ്രൈവര്‍മാര്‍ സമീപത്തുനിന്ന് ഇരുമ്പ് ഗോവണി കൊണ്ടുവന്ന് പാറയും കരയുമായി ബന്ധിപ്പിച്ചു. ഗോവണി ഒഴുകിപ്പോകാതിരിക്കാന്‍ കയറുകൊണ്ട് കെട്ടിയാണ് ഇറക്കിയത്. സഞ്ചാരികളെ ഗോവണിയിലൂടെ കരയില്‍ എത്തിച്ചു. ഒരു മണിക്കൂര്‍കൊണ്ടാണ് സഞ്ചാരികളെ രക്ഷിച്ചത്.
പനംകൂട്ടിക്ക് സമീപമുള്ള ഹോംസ്റ്റേയില്‍ കഴിഞ്ഞദിവസം താമസത്തിന് എത്തിയതാണ് സഞ്ചാരികള്‍. ഇവിടെ നിരവധി മുങ്ങിമരണം സംഭവിച്ചിട്ടുണ്ട്.
Content Highlights: tourists stranded in middle of muthirappuzhayar rescued by auto drivers
Published: 30 Aug 2024, 07:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented