ഞാന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ കാണാന്‍ അയല്‍പക്കത്തെ രണ്ട് കുട്ടികള്‍ ഇടയ്ക്കിടെ വരും. ഒരിക്കല്‍ ആ കുസൃതിപ്പെണ്ണ് എന്നെയൊന്നു വരയ്ക്കാമോ എന്നു ചോദിച്ചു. തോല്‍ക്കാന്‍ പറ്റില്ലല്ലോ. അവളെ ഇരുത്തി ഞാനൊന്നു വരച്ചു. 

ചുരുണ്ട മുടിയും വട്ടക്കണ്ണുമുള്ള അവളെ വരയ്ക്കാന്‍ എളുപ്പമായിരുന്നു. പിറ്റേന്ന് അവള്‍ സ്‌കൂളിലെ കുട്ടികളെ കാണിച്ചു. അവളങ്ങനെ ഹീറോയായി. അതു കണ്ടപ്പോള്‍ ബോബന് ഒരു അസൂയ. തന്നെയും വരയ്ക്കണമെന്നായി. അങ്ങനെ അവനെയും വരച്ചു. പിന്നെ വെറുതെയിരിക്കുമ്പോള്‍ കുട്ടികളെ വീണ്ടും വീണ്ടും വരച്ചു. ഓടുന്നതും ചാടുന്നതും തുഴയുന്നതും...''
മലയാളത്തിലെ കാര്‍ട്ടൂണ്‍ ക്ലാസിക് ആയ 'ബോബനും മോളിയും' തന്റെ മനസ്സില്‍ പിറന്നതിനെപ്പറ്റി റ്റോംസ് ഒരിക്കല്‍ ഓര്‍ത്തെടുത്തത് ഇങ്ങനെയായിരുന്നു.

കാലങ്ങള്‍ മാറി മറഞ്ഞിട്ടും കടലാസ് താളുകളില്‍ കുസൃതിക്കുട്ടികളായി ഓടിനടന്ന ബോബനും മോളിയും മലയാളിയുടെ പല തലമുറകളെ  ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.

 ആ കാര്‍ട്ടൂണ്‍ ദൃശ്യങ്ങളില്‍ കേരളീയ സാമൂഹിക ജീവിതം തന്നെയാണ് തെളിഞ്ഞത്. അതിലെ കഥാപാത്രങ്ങളെ റ്റോംസ് കണ്ടെത്തിയത് ചുറ്റുവട്ടത്തു നിന്നു തന്നെയായിരുന്നു.

 റ്റോംസ് പൂവാലനായ അപ്പി ഹിപ്പിയെ കണ്ടെത്തിയത് കോട്ടയം ആര്‍ട് സൊസൈറ്റിയുടെ ഒരു കലാപരിപാടിയുടെ ഗ്രീന്റൂമില്‍ നിന്നാണ്. അവിടെ ഗായികയോട് സൊള്ളിക്കൊണ്ട് ഗിറ്റാറും മീട്ടി നിന്ന ഹിപ്പി അങ്ങനെ ചിരിവരയിലായി.

toms

''രാഷ്ട്രീയ കാര്യങ്ങള്‍ കൈകാര്യം െചയ്യാന്‍ ഒരു നേതാവിനെ കാര്‍ട്ടൂണിലേക്ക് ആവശ്യമുണ്ട്. ചതിയും വഞ്ചനയും കുതികാല്‍വെട്ടും മാത്രം കൈമുതലായ ഒരാളുടെ മുഖലക്ഷണം വേണം. പറ്റിയ ഒരു മുഖം കിട്ടുന്നില്ല. ഒടുവില്‍ ഞാന്‍ അറിയാവുന്ന രാഷ്ട്രീയ നേതാക്കളുടെ മുഖങ്ങളെല്ലാം ചേര്‍ത്തുവെച്ചു. ആര്‍. ശങ്കറിന്റെ തലമുടി, സി.എം. സ്റ്റീഫന്റെ നെറ്റി, സി. കേശവന്റെ മൂക്ക്, കെ.എം. മാണിയുടെ മീശ, കരുണാകരന്റെ പല്ല്, അച്യുതാനന്ദന്റെ താടി, വയലാര്‍ രവിയുടെ കീഴ്ത്താടി... എല്ലാം ക്രമത്തിന് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഒരു പെരുങ്കള്ളന്റെ ലക്ഷണമാണ് കിട്ടിയത്. അതാണ് നേതാവ്.''
കാര്‍ട്ടൂണിസ്റ്റിന്റെ അപൂര്‍വമായ ഓര്‍മക്കുറിപ്പുകളുമായി കഴിഞ്ഞ ഡിസംബറിലാണ് അദ്ദേഹത്തിന്റെ ആത്മകഥ പുറത്തിറങ്ങിയത്.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം പ്രസ് ക്‌ളബ്ബില്‍ നടന്ന ചടങ്ങില്‍ റ്റോംസിന്റെ ആരാധകനായ നടന്‍ മമ്മൂട്ടിയാണ് പ്രകാശനം നിര്‍വഹിച്ചത്. ഡോണ്‍ ബുക്‌സ് പുറത്തിറക്കിയ ആത്മകഥയുടെ പ്രകാശന ചടങ്ങില്‍ ബോബനെപ്പോലെ കണ്ണാടിക്കു മുന്നില്‍ അഭിനയിച്ച കുട്ടിക്കാലം മമ്മൂട്ടി ഓര്‍ത്തെടുത്തപ്പോള്‍ കുസൃതിക്കുടുക്കകള്‍ക്ക് മാതൃകകളായ  അലക്‌സും മോളിയും റ്റോംസിന്റെ കുടുംബാംഗങ്ങളും വേദിയിലുണ്ടായിരുന്നു. പ്രകാശനത്തിനു ശേഷം അവശനിലയില്‍ വീട്ടില്‍ വിശ്രമിക്കുന്ന റ്റോംസിനെ വീട്ടിലെത്തി സന്ദര്‍ശിച്ചാണ് മമ്മൂട്ടി മടങ്ങിയത്. അപ്പോള്‍ ഇടയ്ക്കിടെ തെളിയുന്ന ബോധത്തിന്റെ മയക്കങ്ങളിലായിരുന്നു റ്റോംസ് .