Toms
ഫോട്ടോ: ബി മുരളീകൃഷ്ണന്‍

 

കോട്ടയം: നല്ല കാര്‍ട്ടൂണ് വരച്ചാല്‍ എന്തുതോന്നും? കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍ ഒരിക്കല്‍ ടോംസിനോട് ചോദിച്ചു.

അല്‍പ്പനേരം ആലോചിച്ചിട്ട് അദ്ദേഹം പറഞ്ഞതിങ്ങനെ-കാര്‍ട്ടൂണുകള്‍ പലപ്പോഴും വരച്ചുതീരുന്നത് രാത്രി ഒന്‍പതുമണിയോടെയായിരിക്കും. നല്ലതാണെന്ന് തോന്നിയാല്‍, അത് പ്രസിദ്ധീകരിക്കാന്‍ ഏല്‍പ്പിക്കും. തുടര്‍ന്ന്, പുറത്തിറങ്ങി ഒരുകുമ്പിള്‍ നിലക്കടല വാങ്ങി ആസ്വദിച്ചുകൊറിച്ചുകൊണ്ട് വീട്ടിലേയ്ക്കുനടന്നുപോകും. പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് മരണശേഷവും അതേരീതിയിലായിരിക്കാം പോയത്. കാരണം,എന്നും ചിരിപ്പിക്കുന്ന ഒരുപാട് നല്ല കഥാപാത്രങ്ങളെ മലയാളികളുടെ മനസ്സില്‍ വരച്ചിട്ടിരുന്നല്ലോ.

മലയാളമുള്ളിടത്തോളംകാലം ബോബനും മോളിയും ഉപ്പായിമാപ്പിളയും അപ്പിഹിപ്പിയും ഉള്‍പ്പെടെയുള്ള കാര്‍ട്ടൂണ് കഥാപാത്രങ്ങള്‍ നര്മ്മം നിറച്ചുകൊണ്ടേയിരിക്കും. വളരെ യാദൃശ്ചികമായാണ് ടോംസിനെ മലയാളത്തിന് കാര്‍ട്ടൂണിസ്റ്റായി ലഭിക്കുന്നത്. ചക്കയ്ക്ക് വീഴാന്‍ മടിയായിരുന്നു, മുയലിന് ചാകാനും. എന്നിട്ടും അത് സംഭവിച്ചു. താന്‍ കാര്‍ട്ടൂണിസ്റ്റായത് അങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
 
കുട്ടനാട് വെളിയനാട് ടോംസിന്റെ വീടിനടുത്ത് രണ്ട് കുസൃതിപ്പിള്ളേര്‍ ഉണ്ടായിരുന്നു. ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ ഡിഗ്രി പഠനത്തിനുശേഷം ടോംസ് വീട്ടില്‍ കഴിഞ്ഞിരുന്നകാലമായിരുന്നു അത്. മിക്കവാറും പകല്‍സമയങ്ങളില്‍ ഉറക്കമായിരിക്കും. കുസൃതിപ്പിള്ളേരായ ബോബനും മോളിയും ഉറക്കത്തിന് ഭംഗം വരുത്തി വീടിന്റെ മുറ്റത്തുകൂടി നടക്കുക പതിവായിരുന്നു.ഈ നടത്തം മുടക്കാന്‍, ഇവര്‍ തന്റെ വീട്ടുമുറ്റത്തേയ്ക്ക് കയറുന്ന ഭാഗം ടോംസ് അടച്ചുകെട്ടി.കുട്ടികള്‍, ടോംസിന്റെ പുരയിടത്തിലേയ്ക്ക് ചാഞ്ഞുകിടക്കുന്ന മരത്തിലൂടെ കയറി പഴയപടിതന്നെ വീട്ടുമുറ്റത്തുകൂടി പോയി.

ഇവരുടെ നടപ്പും എടുപ്പും ടോംസ് എന്ന കാര്‍ട്ടൂണിസ്റ്റിനെ ഉണര്‍ത്തി. വരയ്ക്കുമെന്നറിഞ്ഞപ്പോള്‍ മോളിയാണ് ആദ്യം,തന്റെ ചിത്രം വരച്ചുതരാമോയെന്ന് ചോദിച്ചത്.നിഷ്‌കളങ്കബാല്യത്തിന്റെ നിര്‍ബന്ധത്തില്‍ മോളി എന്ന കാര്‍ട്ടൂണ് കഥാപാത്രം പിറന്നു. മോളിയുടെ സഹോദരന്‍ ബോബനും ചിത്രം വേണമെന്നായി. അങ്ങനെ മലയാളിയുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ് കഥാപാത്രങ്ങളായ  ബോബനും മോളിയും വരകളിലായി.

പുരോഹിതനായ ജോസഫ് വടക്കുംമുറിയാണ്,കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കാന്‍ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. ആദ്യമൊക്കെ ഒരു പന്ത് നിലത്തടിച്ചാലെന്നതുപോലെ പ്രസിദ്ധീകരിക്കാതെ തിരിച്ചെത്തി. പക്ഷേ താമസിയാതെ മനോരമ വാരികയില്‍ ബോബനും മോളിയും പ്രസിദ്ധീകരിച്ചു. പിന്നെയങ്ങോട്ട് ആസ്വാദകര്‍ക്ക് ടോംസിന്റെ കഥാപാത്രങ്ങളെ കാണാതെ വയ്യെന്നായി.

കാര്‍ട്ടൂണിലെ കൂരമ്പുകള്‍ കണ്ടവര്‍ ആസ്വദിച്ച് ചിരിച്ചെങ്കിലും അമ്പുകൊണ്ടവരില്‍ ചിലര്‍ അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കാനുംനോക്കി. എ.കെ.ഗോപാലന്‍, കെ.കരുണാകരന്‍, മത്തായി മാഞ്ഞൂരാന്‍ തുടങ്ങിയ പ്രമുഖര്‍ ടോംസിനെതിരെ കേസ് കൊടുത്തു. സ്ഥിരമായി വിളിച്ച് പരാതി പറയുന്നവരുമുണ്ടായിരുന്നു. നമ്മുടെ സാമൂഹ്യസാഹചര്യങ്ങള്‍ക്കുനേരെ തിരിച്ച കണ്ണാടികളായിരുന്നു ടോംസിന്റെ കഥാപാത്രങ്ങള്‍. അവരിലൂടെ അദ്ദേഹം നമ്മെ ചിരിപ്പിച്ചു. പുതിയ ചിന്തകള്‍ക്ക് വഴിമരുന്നിട്ടു. ടോംസിന്റെ മരണശേഷവും ഈ കഥാപാത്രങ്ങള്‍ അവരുടെ കര്‍മ്മം തുടര്‍ന്നുകൊണ്ടേയിരിക്കും.