കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ചൂട് പിടിക്കുന്നതിനിടെ കോട്ടയം മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജിനെതിരെ കടുത്ത ആരോപണങ്ങളുമായി പൂര്‍വവിദ്യാര്‍ത്ഥികളും അധ്യാപകനും രംഗത്ത്.
കോളേജ് ചെയര്‍മാന്‍ ടോം ജോസഫിന്റെ എകാധിപത്യഭരണമാണ് കോളേജില്‍ അരങ്ങേറുന്നതെന്നും ഇദ്ദേഹം നടത്തുന്ന മാനസികപീഡനത്തെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികളാണ് കോളേജ് വിട്ടുപോയതെന്നും ഇവര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
കിരണ്‍ ജോൺ ഇടിക്കുള എന്ന പൂര്‍വവിദ്യാര്‍ഥിയും പേര് വെളിപ്പെടുത്തരുതെന്ന ഉറപ്പിന്മേൽ സ്ഥാപനത്തിലെ ഒരു മുന്‍ അധ്യാപകനും വിദ്യാര്‍ഥിനിയുമാണ് ടോംസ് എഞ്ചിനീയറിങ് കോളേജിലെ തിക്താനുഭവങ്ങള്‍ തുറന്നുപറയാന്‍ തയ്യാറായത്.
രാവിലെ അധ്യായന സമയത്തിന് മുന്‍പേ തന്നെ ടോംജോസഫ് സ്ഥാപനത്തിലെത്തും. ഈ സമയം അദ്ദേഹത്തെ പരിചരിക്കാനായി രണ്ട് വിദ്യാര്‍ഥിനികള്‍ അവിടെയുണ്ടാവണം എന്നതാണ് അലിഖിതനിയമം. ഓഫീസ് വൃത്തിയാക്കുകയും അദ്ദേഹത്തിന് പ്രഭാതഭക്ഷണം നല്‍കുകയും ചെയ്യേണ്ട ചുമതല ഈ പെണ്‍കുട്ടികള്‍ക്കാണ്.
പിന്നെ ഓഫീസ് റിസപ്ഷനിസ്റ്റ് എത്തുന്നത് വരെ ഈ പെണ്‍കുട്ടികള്‍ അവിടെയുണ്ടാവും. എല്ലാ ദിവസവും ഭക്ഷണം വിളമ്പിക്കൊടുക്കുന്ന പെണ്‍കുട്ടികള്‍ മാറിക്കൊണ്ടിരിക്കും. രാവിലെയും ഉച്ചയ്ക്കും ചെയര്‍മാനുള്ള ഭക്ഷണം ഗേള്‍സ് ഹോസ്റ്റലില്‍ നിന്ന് എത്തിച്ചുക്കൊടുക്കേണ്ടതും വിളമ്പിക്കൊടുക്കേണ്ടതും കോളേജിലെ പെണ്‍കുട്ടികളുടെ ചുമതലയായിരുന്നു.
മുന്‍പ് വിശ്വേശരയ്യ എന്ന പേരില്‍ നടത്തിക്കൊണ്ടിരുന്ന സ്ഥാപനമാണ് ടോംസ് എഞ്ചിനീയറിംഗ് കോളേജായി മാറ്റിയത്. അസോസിയേറ്റീവ് മെമ്പര്‍ ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയേഴ്സ് (എഎംഐഇ) എന്ന കോഴ്‌സായിരുന്നു ഇവിടെ ആദ്യം നടത്തിയിരുന്നത്.
അന്ന് സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്ന ടോം ജോസഫാണ് പിന്നീട് ഇതിനെ ടോംസ് എഞ്ചിനീയറിംഗ് കോളേജാക്കി മാറ്റിയത്. എഞ്ചിനീയറിംഗ് കോളേജ് ആരംഭിക്കാന്‍ വേണ്ടി അവിടെ പഠിച്ചു കൊണ്ടിരുന്ന എഐഎംഇ വിദ്യാര്‍ഥികളെ ടോം ജോസഫ് കോഴ്‌സ് പൂര്‍ത്തിയാക്കാതെ പറഞ്ഞയക്കുകയായിരുന്നു. വിദ്യാർഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കോഷൻ ഡിപ്പോസിറ്റായി പിരിച്ചെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആര്‍ക്കും ഈ പണം തിരികെ ലഭിച്ചിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു.
അധികദിവസങ്ങളിലും രാത്രിയോടെ കോളേജ് ചെയര്‍മാന്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തിയിരുന്നു. എന്നാല്‍ അന്തേവാസികളായ പെണ്‍കുട്ടികളെ വീട്ടുകാര്‍ ഹോസ്റ്റലില്‍ വന്ന് കാണുന്നതിന് കര്‍ശനവിലക്കാണ് കോളേജ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഹോസ്റ്റലില്‍ മകളെ കാണാനെത്തുന്ന അച്ഛനെയും സഹോദരിയെ ബൈക്കില്‍ കൊണ്ടാക്കുന്ന സഹോദരനെയുമെല്ലാം ഹോസ്റ്റല്‍ വാര്‍ഡന്‍ അധിക്ഷേപിച്ചു സംസാരിച്ചിട്ടുണ്ടെന്ന് കോളേജ് ഹോസ്റ്റലിലെ മുന്‍അന്തേവാസി കൂടിയായ വിദ്യാര്‍ഥിനി വെളിപ്പെടുത്തി.
ഒരിക്കല്‍ ഫീസടയ്ക്കാനുള്ള പണവുമായി വന്ന പിതാവ് ഹോസ്റ്റലില്‍ എത്തിയപ്പോള്‍ രാത്രിയായി. ഇതിന്റെ പേരില്‍ കടുത്ത ആക്ഷേപമാണ് ഈ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത്. മറ്റൊരിക്കല്‍ തന്നെ കാണാനെത്തിയ അച്ഛനുമായി സംസാരിച്ചതിന് സ്വന്തം പിതാവുമായി ചേര്‍ത്ത് അപവാദം പറയുന്നതും കേള്‍ക്കേണ്ടി വന്നെന്ന് ഈ കുട്ടി വേദനയോടെ പറയുന്നു.
കോളേജ് ചെയര്‍മാനെ കൂടാതെ ഗേള്‍സ് ഹോസ്റ്റല്‍ വാര്‍ഡനായ രഞ്ജിനിയ്ക്കും വിദ്യാര്‍ത്ഥിനികള്‍ അടിമപ്പണി ചെയ്യേണ്ടി വന്നിരുന്നു. ഇവരുടെ വസ്ത്രങ്ങള്‍ അലക്കുന്നതടക്കമുള്ള ജോലികള്‍ കുട്ടികളായിരുന്നു ചെയ്തിരുന്നത്. വിദ്യാര്‍ത്ഥിനികള്‍ പൊട്ടുകുത്തി ക്ലാസ്സില്‍ വന്നാല്‍ അത് ആണുങ്ങളെ മയക്കാനാണെന്നും, ആണ്‍കുട്ടികളുടെ നിഴല്‍ പരിസരത്തെങ്ങാനും നിന്നാല്‍ അഴിഞ്ഞാട്ടക്കാരിയെന്നും വിളിച്ചാക്ഷേപിച്ചിരുന്നു.
കോളേജില്‍ ജോലിചെയ്തിരുന്ന കാലത്ത് നിരവധി പെണ്‍കുട്ടികളെ കോളേജ് ചെയര്‍മാന്‍ ടോംജോസഫ് അധിക്ഷേപിക്കുന്നതിന് സാക്ഷിയായിട്ടുണ്ടെന്നാണ് ടോംസ് കോളേജിലെ മുന്‍അധ്യാപകന്‍ പറയുന്നത്. ഒരു പെണ്‍കുട്ടിക്ക് സാരി വാങ്ങാന്‍ പുറത്തു പോവാന്‍ സ്വന്തം ശരീരത്തിന്റെ അളവുകള്‍ വരെ ചെയര്‍മാനെ ബോധിപ്പിക്കുന്ന രംഗത്തിന് താന്‍ സാക്ഷിയായിട്ടുണ്ടെന്നും ഈ അധ്യാപകന്‍ പറയുന്നു.
ടോംസ് കോളേജില്‍ വര്‍ഷങ്ങളായി തുടരുന്ന പീഡനങ്ങളാണ് ജിഷ്ണുവിന്റെ മരണത്തോടെ ഇപ്പോള്‍ പുറത്തു വരുന്നതെന്ന് പറയുന്ന ഇദ്ദേഹം നേരത്തെ ഈ കോളേജില്‍ പഠിപ്പിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിനി കോളേജ് മാനേജ്‌മെന്റിന്റെ നടപടികള്‍ക്കെതിരെ പരസ്യമായി രംഗത്ത് വരികയും പിന്നീട് പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കിയ സംഭവം ഉണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തി.
ഹോസ്റ്റലിലും കോളേജിലും ഉണ്ടായ പീഡനങ്ങളെ തുടര്‍ന്ന് മാനസികനില തെറ്റിയ മറ്റൊരു വിദ്യാര്‍ത്ഥിനി മാസങ്ങളോളം സൈക്യാട്രിസ്റ്റിന്റെ ചികിത്സ തേടേണ്ടി വന്നസംഭവവും അദ്ദേഹം മാതൃഭൂമി ഓണ്‍ലൈനുമായി പങ്കുവച്ചു. സ്ഥാപനത്തിന്റെ മുന്‍മാര്‍ക്കറ്റിംഗ് മാനേജറെ എസ്എംഎസ് അയച്ച് ജോലിയില്‍ നിന്ന് പുറത്താക്കിയ ചരിത്രവും കോളേജ് ചെയര്‍മാനുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്വാഷന്‍ ഡെപ്പോസിറ്റ് തിരിച്ചു കിട്ടാത്തതിനെക്കുറിച്ച് മഷൂദ് അബ്ദുള്ള എന്ന മുന്‍വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്