ടോമിൻ തച്ചങ്കരി, സുധേഷ് കുമാർ| Photo: Mathrubhumi
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയാകാന്‍ സേനയ്ക്കുള്ളില്‍ ചേരിപ്പോര്. ഡി.ജി.പി. സ്ഥാനത്തേക്ക് സാധ്യത കല്പിക്കപ്പെടുന്ന ടോമിന് തച്ചങ്കരി, സുധേഷ് കുമാര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് ചേരിതിരിഞ്ഞുള്ള നീക്കങ്ങള്‍ നടക്കുന്നത്. എതിര്‍ഭാഗത്തിന്റെ സാധ്യതകള്‍ പരമാവധി കുറയ്ക്കാനുള്ള നീക്കങ്ങളും അതിനെ തടയാനുള്ള മറുതന്ത്രങ്ങളുമൊക്കെയായി ചേരിതിരിഞ്ഞുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുന്നു. രണ്ടുപേര്‍ക്കുമെതിരെയുള്ള വിവാദങ്ങളും കേസുകളുമാണ് പരസ്പരം ആയുധമാക്കുന്നത്.
ജൂണ്‍ 30-ന് ലോക്നാഥ് ബെഹ്റ ഡി.ജി.പി. സ്ഥാനത്തുനിന്ന് വിരമിക്കും. അദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ മറ്റ് സ്ഥാനങ്ങളിലേക്ക് നിയോഗിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അതേസമയം സി.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്തേക്ക് ബെഹ്റയെ പരിഗണിക്കുന്നുമുണ്ട്. സി.ബി.ഐ. മേധാവിയായി തീരുമാനിക്കപ്പെട്ടാല്‍ ജൂണ്‍ മാസത്തില്‍ തന്നെ ബെഹ്റ സംസ്ഥാനത്തുനിന്ന് പോയേക്കും. അങ്ങനെ വന്നാല്‍ പുതിയ പോലീസ് മേധാവിയെ ഉടന്‍ കണ്ടെത്തേണ്ടി വരും.
ഡി.ജി.പിമാരായി പരിഗണിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാനം കേന്ദ്രത്തിന് കൈമാറണം. ഇതില്‍നിന്ന് കേന്ദ്രം നിര്‍ദ്ദേശിക്കുന്ന ആളുകളില്‍നിന്ന് മാത്രമേ സംസ്ഥാന സര്‍ക്കാരിന് ഡി.ജി.പിയെ തിരഞ്ഞെടുക്കാനാകു. ഇതിന്റെ ഭാഗമായി കേന്ദ്രം ആവശ്യപ്പെട്ട 1989 ബാച്ചുവരെയുള്ള ഐ.പി.എസ്. ഉന്നതരുടെ പട്ടിക സംസ്ഥാനം തയ്യാറാക്കി നല്‍കിയിട്ടുണ്ട്.
ഈ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് ടോമിന് തച്ചങ്കരി, സുധേഷ് കുമാര്‍ എന്നിവരാണ്. പൊലീസിലെ ദാസ്യപ്പണി വിവാദത്തില്‍പ്പെട്ട ഉദ്യോഗസ്ഥനാണ് സുധേഷ് കുമാര്‍. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് തച്ചങ്കരിക്കെതിരെ പുനരന്വേഷണം നടത്തുകയുമാണ്. ഈ സാഹചര്യത്തില്‍ പരസ്പരം സാധ്യതകള്‍ തടയാനുള്ള നീക്കങ്ങള്‍ ഇരുഭാഗത്തുനിന്നും നടക്കുന്നുണ്ട്.
അനധികൃത സ്വത്ത് സമ്പാദനത്തില്‍ നടക്കുന്ന വിജിലന്‍സ് പുനരന്വേഷണത്തില്‍ ആദ്യ അന്വേഷണം തെറ്റെന്നാണ് കണ്ടെത്തലെങ്കിലും ഈ റിപ്പോര്‍ട്ട് കോടതിയില്‍ എത്തുന്നത് വൈകിപ്പിച്ച് തച്ചങ്കരിയെ വെട്ടാനുള്ള അണിയറ നീക്കമാണ് നടക്കുന്നത്. സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തിലൂടെയാണ് പോലീസിലെ ദാസ്യപ്പണി വിവാദം തലപൊക്കിയത്. പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണമാണ് സുധേഷ് കുമാറിന് പാരയാകുന്നത്.
ഇരുവരുടെയും ചേരിപ്പോര് നിലയ്ക്ക് നിര്‍ത്താന്‍ ബി. സന്ധ്യയെ സമവായമെന്ന നിലയില്‍ സര്‍ക്കാര്‍ പരിഗണിച്ചേക്കും. ഇത് മുന്നില്‍ കണ്ട് അവര്‍ക്കെതിരെയും നീക്കം നടക്കുന്നുണ്ട്. സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ബി. സന്ധ്യക്ക് എതിരെ ആരോപണമുയര്‍ന്നിരുന്നു. ഈ കേസ് കുത്തിപ്പൊക്കി കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നുണ്ട്. സംസ്ഥാനം തയ്യാറാക്കി കേന്ദ്രത്തിന് അയച്ച പട്ടികയില്‍ ഉള്‍പ്പെട്ട അനില്‍കാന്തിന് എതിരേയും വയനാട്ടിലുള്ള പഴയ കേസ് എടുത്തുയര്‍ത്തിക്കൊണ്ട് വരാനുള്ള നീക്കവും നടക്കുന്നുണ്ട്.
ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് രഹസ്യമായി വിശദാംശങ്ങള്‍ ഓരോ ഉദ്യോഗസ്ഥരെയും പിന്തുണയ്ക്കുന്ന വിഭാഗം എത്തിച്ചുനല്‍കിയെന്നാണ് ലഭിക്കുന്ന സൂചനകള്‍. സംസ്ഥാനം നല്കുന്ന പട്ടികയില്‍നിന്ന് നാലുപേരെ ഡി.ജി.പി. സ്ഥാനത്തേക്ക് കേന്ദ്രം നിര്‍ദേശിക്കും. ഇവരില്‍ താല്പര്യമുള്ളയാളെ സര്‍ക്കാരിന് പോലീസ് മേധാവിയായി നിയമിക്കാം. ഇത്തവണ പോലീസ് മേധാവിയെ തീരുമാനിക്കുക എന്നത് സര്‍ക്കാരിന് തലവേദനയാകുമെന്ന് ഉറപ്പാണ്.
പരസ്പരം ചെളിവാരിയെറിഞ്ഞുള്ള നീക്കങ്ങള്‍ നടക്കുന്നതിനാല്‍ വരാന്‍ പോകുന്ന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സേനയിലെ അച്ചടക്കം സൂക്ഷിക്കുക എന്നത് നിര്‍ണായകമായി മാറും. ചേരിപ്പോര് നടക്കുന്നതിനാല്‍ കേന്ദ്രം നിര്‍ദ്ദേശിക്കുന്ന നാലുപേര്‍ ആരൊക്കെയാകും എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍.
content highlights: tomin thachankary or sushesh kumar? who will be kerala's new dgp
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..