കണ്ണൂര്‍: ഒന്നര വയസുള്ള സ്വന്തം കുഞ്ഞിനെ അമ്മ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം മാതൃഭൂമി ന്യൂസിന് ലഭിച്ചു. മരണം ഉറപ്പാക്കാന്‍ അമ്മ ശരണ്യ മകന്‍ വിയാനെ രണ്ടു തവണ കടലില്‍ എറിഞ്ഞതായി കുറ്റപത്രത്തില്‍ പറയുന്നു. കൊലയ്ക്കുള്ള ഗൂഢാലോചന നടത്തിയത് കണ്ണൂര്‍ ഫോര്‍ട് റോഡില്‍വെച്ചാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ശരണ്യയുടെ ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നതാണ് കുറ്റപത്രം. ഒരു തവണ കടലില്‍ എറിഞ്ഞിട്ടും മരിക്കാതിരുന്ന കുഞ്ഞ് വിയാനെ വീണ്ടുമെടുത്ത് എറിയുകയായിരുന്നു. ആദ്യമെറിഞ്ഞപ്പോള്‍ കുഞ്ഞ് കരഞ്ഞ് തീരത്തേക്ക് എത്തിയപ്പോഴാണ് രണ്ടാമതുമെടുത്ത് എറിഞ്ഞത്.
കൊലപാതകത്തിനുള്ള ഗൂഢാലോചന നടത്തിയത് കണ്ണൂര്‍ പ്ലാസ ഫോര്‍ട്ട് റോഡില്‍വച്ചാണ്. രണ്ടാം പ്രതി നിധിനും ഒന്നാം പ്രതി ശരണ്യയും ചേര്‍ന്നായിരുന്നു ഗൂഢാലോചന. എന്നാല്‍ ശരണ്യയുമായുള്ള കുടുംബ ജീവിതത്തിന് കുട്ടി തടസ്സമായതുകൊണ്ടാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ ഇല്ല. അതായിരുന്നു കൊലയ്കുള്ള കാരണമായി പൊലീസ് പറഞ്ഞത്. ശരണ്യയെ മുന്‍നിര്‍ത്തി രണ്ടാംപ്രതി നിധിന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇതിനായി കൊല്ലപ്പെട്ട വിയാന്റെ ബ്രേസ്ലെറ്റ് വിറ്റതായും ശരണ്യയെക്കൊണ്ട് സഹകരണ ബാങ്കില്‍നിന്ന് വായ്പ എടുപ്പിച്ചതായും കുറ്റപത്രത്തിലുണ്ട്.
ഇക്കഴിഞ്ഞ ഫ്രെബ്രുവരി 17-ന് രാവിലെയാണ് കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
Content Highlights: Toddler murder case: charge sheet filed against Saranya