ബിരിയാണിയിൽ നിന്നും കണ്ടെത്തിയ പഴുതാര
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 440 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചതായും മന്ത്രി അറിയിച്ചു. 145 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന നടക്കുന്നതിനിടയിലും സംസ്ഥാനത്ത് ഇന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ കൂടി മരിച്ചു. ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും ചെയ്തു.
അതേ സമയം ഭക്ഷ്യ വിഷബാധയേറ്റ് പൊതുജനം മരിച്ചുവീഴുമ്പോള്‍ മാത്രം പ്രഹസന സുരക്ഷാ പരിശോധന നടത്തുന്ന കീഴ്വഴക്കം അവസാനിപ്പിച്ച് വര്‍ഷം മുഴുവന്‍ നീളുന്ന ഭക്ഷ്യസുരക്ഷാ റെയ്ഡ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും ഭക്ഷ്യാ സുരക്ഷാ പരിശോധന ശക്തിപ്പെടുത്തുന്നതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അതിനാലാണ് ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണമെന്നും സുധാകരന് കുറ്റപ്പെടുത്തി.
കാസര്‍കോട് തലക്ലായില്‍ അഞ്ജുശ്രീ പാര്‍വ്വതി (19) എന്ന യുവതിയാണ് ഇന്ന് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചത്. ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് ശാരീരിക അസ്വാസ്ഥതകളുണ്ടായത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെ അഞ്ജുശ്രീയുടെ മരണത്തിനിടയാക്കിയ അല്‍ റൊമാന്‍സിയ ഹോട്ടലിന്റെ ലൈന്‍സ് സസ്പെന്‍ഡ് ചെയ്തു.കാസര്‍കോട് നഗരസഭ ആരോഗ്യ വിഭാഗമാണ് നടപടി സ്വീകരിച്ചത്.
ഭക്ഷ്യവിഷബാധയേത്തുടര്‍ന്ന് സംസ്ഥാനത്ത് ആറുദിവസത്തിനിടെ ജീവന് നഷ്ടപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. കോട്ടയം സംക്രാന്തിയില്‍ 'മലപ്പുറം കുഴിമന്തി' ഹോട്ടലില്‍ നിന്ന് വരുത്തിച്ച അല്‍ഫാം കഴിച്ച് നഴ്സായ രശ്മി മരണപ്പെട്ടത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. ഇതിന് ശേഷമാണ് സംസ്ഥാനത്ത് പ്രത്യേക പരിശോധന ആരംഭിച്ചത്.
ഇടുക്കി നെടുങ്കണ്ടത്താണ് ഷവര്‍മ്മ കഴിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. നെടുങ്കണ്ടം സ്വദേശിയായ ഗൃഹനാഥനും പ്രായമായ സ്ത്രീയ്ക്കും ഏഴു വയസ്സുള്ള കുട്ടിക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്.
Content Highlights: Today special inspection was done in 440 hotels- 26 were closed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..