തിരുവനന്തപുരം: തൃശൂര്‍ എം.പി ടി.എന്‍ പ്രതാപനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. പ്രതാപന്‍ കേരളത്തില്‍ ഗാന്ധിയനും കേരളംവിട്ടാല്‍ ഗാന്ധി വിരുദ്ധനുമാണെന്ന് ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

ഒരാള്‍ മദ്യപിക്കുന്നത് സ്വകാര്യതയുടെ വിഷയമാണ്. മദ്യം നിരോധിച്ചിട്ടില്ല. ആര്‍ക്കും മദ്യപിക്കാം. അതിന് ആര്‍ക്കും ആക്ഷേപമില്ല. പരാതിപ്പെടാനൊ ആക്ഷേപിക്കാനോ അവകാശമില്ല. എന്നാല്‍, പ്രതാപന്‍ എംപിയുടെ സ്ഥിതി അതല്ല. അദ്ദേഹം ഗാന്ധിയനായി മദ്യവര്‍ജന സമരത്തില്‍ പങ്കെടുത്ത് മദ്യത്തിനെതിരെ പ്രസംഗിക്കുന്ന ആദര്‍ശ പുരുഷനാണ്. എന്നാല്‍ അദ്ദേഹം വിദേശത്തു പോയി വെള്ളമടിച്ച് കാലുറയ്ക്കാതെ നില്‍ക്കുന്നത് തൃശ്ശൂര്‍ എം.പി എന്ന നിലയില്‍ തൃശ്ശൂരുകാര്‍ക്ക് മുഴുവന്‍ അപമാനമാണെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ മത്സരിക്കുമ്പോള്‍ പ്രതാപന്‍ ഉയര്‍ത്തിയ രാഷ്ട്രീയവാദം സുരേഷ് ഗോപി സിനിമ നടനും പ്രതാപന്‍ ഗാന്ധിയനുമാണ് എന്നാണ്. സിനിമ നടനെയല്ല ഗാന്ധിയനെയാണ് സമൂഹം മാത്യകയാക്കേണ്ടത് എന്നും പ്രതാപന്‍ പറഞ്ഞു. ഈ വാദം ഉയര്‍ത്തി വോട്ടുവാങ്ങി ജയിച്ച പ്രതാപന്‍ വിദേശത്തു പോയി വെള്ളമടിച്ച് കാലുറക്കാതെ നില്‍ക്കുന്നത് തൃശ്ശൂരുകാര്‍ക്ക് മുഴുവന്‍ അപമാനമാണ്. മറ്റൊരു തമാശ സമൂഹ മാധ്യമ വാര്‍ത്തയില്‍ അസ്വസ്ഥനായി പ്രതാപന്‍ പരാതി കൊടുത്തിരിക്കുന്നു എന്നതാണ്. വിദേശത്ത് നടന്ന സംഭവത്തെക്കുറിച്ച് ഇപ്പോള്‍ പ്രതാപന് ഓര്‍മ്മയില്ലാത്തത് സ്വാഭാവികമാണ്. പരാതി കൊടുക്കുന്നതിനേക്കാള്‍ ഭേദം പാര്‍ട്ടിയെ കേഡര്‍ ആക്കുന്ന സുധാകരനോട് മാപ്പ് പറഞ്ഞ് മിണ്ടാതിരിക്കാമായിരുന്നു എന്നും ഗോപാലകൃഷ്ണന്‍ പരിഹസിച്ചു.

Content Highlights: tn prathapan gandhian in kerala anti gandian outside kerala says b gopalakrishnan