തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നല് കാലിയായ ഖജനാവുമായാണെങ്കില്‍ അധികാരം വിട്ടൊഴിയുന്നത് കുറഞ്ഞത് അയ്യായിരം കോടി രൂപയുടെ ട്രഷറി മിച്ചവുമായാണെന്ന് ധനമന്ത്രി തോമസ് ഐസക്. കോവിഡ് വെല്ലുവിളികള്‍ക്കിടയിലും വ്യക്തമായ ധനകാര്യ മാനേജ്മെന്റിലൂടെ എല്ലാ പേയ്മെന്റുകളും കൊടുത്താണ് ഈ വര്‍ഷം അവസാനിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തെ ധന മാനേജ്മെന്റ് സുഗമമാക്കുമെന്നുറപ്പാണെന്നും ധനമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

അവസാന പത്തു ദിവസങ്ങളില്‍ റെക്കോര്‍ഡ് പേയ്മെന്റുകളാണ് ട്രഷറി നടത്തിയത്. 375171 ബില്ലുകളിലായി 23202 കോടി രൂപയാണ് ട്രഷറി മാറി നല്‍കിയത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടിയാണ്. നേരിട്ട് ബാങ്ക് അക്കൗണ്ട് വഴിയുള്ള പെന്‍ഷന്‍ എല്ലാവരിലും എത്തിക്കഴിഞ്ഞു. സാമൂഹ്യ  പെന്‍ഷനുള്ള തുക മുഴുവനും ബന്ധപ്പെട്ട പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. സംസ്ഥാന തദ്ദേശ - സ്ഥാപന പ്ലാന്‍ ചിലവുകള്‍ എണ്‍പത് ശതമാനം എത്തിക്കാനായതില്‍ അഭിമാനമുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ പകുതിയില്‍ കൂടുതലും നൂറു ശതമാനത്തിലേറെ ചിലവാക്കിയ വര്‍ഷമാണിത്. ഇതില്‍ ഭൂരിഭാഗത്തിന്റെയും ബില്ലുകള്‍ അധികമായി തുക അനുവദിച്ച് നല്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവസാന ദിവസങ്ങളില്‍ ബില്ലുകള്‍ സമര്‍പ്പിച്ച ചുരുക്കം ചില തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ ഈ സാമ്പത്തിക വര്‍ഷം ആദ്യം തന്നെ നല്‍കുന്നതായിരിക്കും.

അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ പരിഷ്‌കരിച്ച ശമ്പളവും പെന്‍ഷനും നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. ആദ്യ ദിവസങ്ങളിലെ ബാങ്ക് അവധി പരിഗണിച്ച് പെന്‍ഷന്‍കാര്‍ക്ക് വിതരണം നടത്താനുള്ള തുക സൂക്ഷിക്കുന്നതിനായി ട്രഷറികള്‍ക്കു ഉത്തരവ് നല്‍കിക്കഴിഞ്ഞു. പ്രശ്ങ്ങള്‍ ഒന്നും തന്നെയില്ലാതെ ശമ്പള പെന്‍ഷന്‍ വിതരണം മൂന്നു ദിവസത്തിനുള്ളില്‍ പൂത്തിയാക്കുമെന്നുറപ്പാണ്- ധനമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഈ സർക്കാർ അധികാരത്തിൽ വന്നത് കാലിയായ ഖജനാവുമായാണെങ്കിൽ അധികാരം വിട്ടൊഴിയുന്നത് കുറഞ്ഞത് അയ്യായിരം കോടി രൂപയുടെ ട്രഷറി...

Posted by Dr.T.M Thomas Isaac on Wednesday, 31 March 2021