കോഴിക്കോട്: തിരൂരില്‍ കിണറ്റില്‍ വീണ യുവതിയെ രക്ഷിച്ച എസ്.ഐ. ജലീല്‍ കറുത്തേടത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്.ഐ.യെയും സഹപ്രവര്‍ത്തകരെയും അഭിനന്ദനമറിയിച്ചത്. ഒരു പ്രതിസന്ധിഘട്ടത്തില്‍ ധീരത കൈവിടാതെ അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നും അനുകരണീയമായ മാതൃകയാണിതെന്നും മുഖ്യമന്ത്രി അഭിനന്ദന കുറിപ്പില്‍ പറഞ്ഞു. 

കഴിഞ്ഞദിവസം തിരൂര്‍ വൈരങ്കോട് വേലയ്ക്കിടെയാണ് യുവതി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് യുവതി തന്നെയാണ് മൊബൈലില്‍ ബന്ധുക്കളെ വിളിച്ച് സഹായം തേടിയത്. വിവരമറിഞ്ഞെത്തിയ എസ്.ഐ.യും പോലീസുകാരും അഗ്നിരക്ഷാ സേന വരുന്നതിന് മുമ്പ് തന്നെ കിണറ്റിലിറങ്ങാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാ സേന എത്തിയതോടെ എസ്.ഐ.യുടെ നേതൃത്വത്തില്‍ തന്നെ യുവതിയെ കിണറ്റില്‍നിന്നും പുറത്തെത്തിക്കുകയായിരുന്നു. 

മുഖ്യമന്ത്രിയുടെ കുറിപ്പ്:- 

തിരൂര്‍ വൈരങ്കോട് ഉത്സവത്തിനിടെ കിണറ്റില്‍ വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ തിരൂര്‍ എസ്. ഐ ജലീല്‍ കറുത്തേടത്തിനും സഹപ്രവര്‍ത്തകര്‍ക്കും അവര്‍ക്കു പിന്തുണ നല്‍കിയ നാട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍. ഫോണ്‍ ചെയ്യുന്നതിനിടയില്‍ ആള്‍മറയില്ലാത്ത കിണറില്‍ വീണുപോയ യുവതിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം മനസ്സാന്നിദ്ധ്യത്തോടെ നേതൃത്വം നല്‍കുകയുണ്ടായി. ഫയര്‍ ഫോഴ്‌സ് വരുന്നതിനു മുന്‍പു തന്നെ അദ്ദേഹം അവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തി. ഒരു പ്രതിസന്ധി ഘട്ടത്തില്‍ ധീരത കൈവിടാതെ അദ്ദേഹം പ്രവര്‍ത്തിച്ചു. അനുകരണീയമായ മാതൃകയാണിത്.

Content Highlights: tirur si jaleel karuthedath saved a woman's life from a well, cm appreciates him on facebook